ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തെ പണിമുടക്ക് ബാധിച്ചു

Share to


Perinthalmanna Radio
Date: 09-07-2025

പെരിന്തൽമണ്ണ: കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഏഴ് മണിക്കൂർ പിന്നിട്ടു. കേരളത്തെ പണിമുടക്ക് ബാധിച്ചു. സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നില്ല.  ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്‌ആർടിസി ബസുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്. ഓട്ടോകളും സർവീസ് നടത്തുന്നില്ല. രാവിലെ തുറക്കുന്ന കടകള്‍ പോലും അടച്ചിട്ടിരിക്കുകയാണ്.

17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. അവശ്യ സർവീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകള്‍ അവകാശപ്പെടുന്നത്. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഉച്ചയ്ക്ക് പ്രതിഷേധ സംഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ 2 മണിക്ക് ജന്ദർ മന്ദറില്‍ പ്രതിഷേധിക്കും. രണ്ടരയ്ക്ക് കേരള ഹൗസില്‍നിന്നും ജന്ദർ മന്ദറിലേക്ക് മാധ്യമപ്രവർത്തകരും മാർച്ച്‌ നടത്തും.

പുതിയ 4 ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാർ തൊഴിലാളികള്‍ക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *