പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിടം 12ന് തുറക്കും

Share to


Perinthalmanna Radio
Date: 09-08-2025

പെരിന്തൽമണ്ണ ∙ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി കെട്ടിടം 12ന് തുറക്കും. ആരോഗ്യ വകുപ്പ് എൻഎച്ച്എം മുഖേന 1.26 കോടി രൂപ വകയിരുത്തി നിർമിച്ച കെട്ടിടം രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിക്കും. സംസ്ഥാന സർക്കാരിന്റെ നവകേരള കർമപദ്ധതി 2ൽ ഉൾപ്പെടുത്തി ആതുരാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്ലോക്ക്.

സ്ഥലപരിമിതി മൂലം ഏറെ ബുദ്ധിമുട്ടിലായ ജില്ലാ ആശുപത്രിക്ക് ഏറെ അനുഗ്രഹമാകും ഈ പുതിയ ഒപി കെട്ടിടം. രണ്ടു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ ജനറൽ മെഡിസിൻ, ചെസ്റ്റ്, ഡെർമറ്റോളജി, ഓർത്തോ ഒപികളും പ്ലാസ്റ്റർ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ജനറൽ സർജറി, ഡ്രസിങ് റൂം, ഇഎൻടി, പസീജ്യർ റൂം, ഓങ്കോളജി തുടങ്ങിയവ മുകളിലെ നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഒപി കെട്ടിടം വരുന്നതോടു കൂടി ഇപ്പോൾ മാതൃശിശു ബ്ലോക്കിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഒപികൾ ഒഴിച്ച് എല്ലാ ഒപികളുടെയും സേവനം ഒറ്റ കെട്ടിടത്തിലേക്ക് മാറും. എല്ലാ സ്പെഷ്യൽറ്റി ഒപികളും ഇതുവഴി ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാൻ സാധിക്കും. ഉപയോഗശൂന്യമായ പഴയ ജനത പേ വാർഡ് കെട്ടിടം പൊളിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ ഒപി കെട്ടിടം നിർമിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ഒപി കെട്ടിടവും നിർമിച്ചിട്ടുള്ളത്. ഇതുമൂലം അനിയന്ത്രിതമായ തിരക്ക് കുറയ്ക്കാൻ സാധിക്കും. ഇ ഹെൽത്ത് സംവിധാനം ആശുപത്രിയിൽ നടപ്പാകുന്നതോടു കൂടി കാലതാമസം കൂടാതെ ഡോക്ടറെ കാണാനും രോഗനിർണയം കാര്യക്ഷമമായി നടപ്പിലാക്കാനും സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ എന്നിവർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *