ആലിപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്തെ മൺകൂന നീക്കാൻ അനുമതിയായി

Share to


Perinthalmanna Radio
Date: 09-08-2025


ആലിപ്പറമ്പ്: ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ മൈതാനത്ത് കൂട്ടിയിട്ട മൺകൂന നീക്കം ചെയ്യുന്നതിന് അനുമതിയായതായി ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്‌റഫ് അറിയിച്ചു. സർക്കാർ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുസംബന്ധിച്ചുള്ള നടപടിക്രമങ്ങളും നിയമതടസ്സങ്ങളുമാണ് മണ്ണ് നീക്കം ചെയ്യാൻ തടസ്സമായത്.

മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി, മണ്ണിന്റെ വിലനിർണയം തുടങ്ങിയ നടപടികൾ പൂർത്തിയാക്കി മണ്ണ് ലേലം ചെയ്ത് വിൽക്കാനുള്ള നടപടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായത്. ഉടൻ മണ്ണ് ലേലം ചെയ്ത് നീക്കം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്തംഗം അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപയാണ് ലാബ് നിർമിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.
രണ്ട് മുറികളുള്ള ലാബ് കെട്ടിടം പണിയുന്നതിന് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് കുന്നിൽചെരുവിൽ 14 സെന്റ് സ്ഥലം പിടിഎ വാങ്ങിയിരുന്നു. കെട്ടിടം പണിയുന്നതിന് കുന്നിൻചെരുവ് നിരപ്പാക്കിയ മണ്ണ് സ്‌കൂൾ മൈതാനത്താണ് കൂട്ടിയിട്ടത്.

ഒരു വർഷം കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് പ്രതിസന്ധിയായത്. സ്‌കൂൾ മൈതാനത്തെ മൺകൂന കാരണം മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടുമാണ്. കഴിഞ്ഞ വർഷം കായികമത്സരങ്ങൾ ഒരു കിലോമീറ്റർ ദൂരത്തുള്ള പള്ളിക്കുന്നിലെ താത്കാലിക ഫുട്‌ബോൾ മത്സര മൈതാനത്താണ് നടത്തിയത്.

ലാബ് കെട്ടിട നിർമാണം കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. കാറ്റിൽ ഷീറ്റ് തകർന്ന ഭാഗം പുനർനിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്നും ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്‌റഫ് പറഞ്ഞു. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *