
Perinthalmanna Radio
Date: 09-09-2024
പെരിന്തൽമണ്ണ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെയും മേൽപാലത്തിലെയും കുരുക്കഴിക്കാൻ ലക്ഷ്യമിടുന്ന റെയിൽവേ അടിപ്പാതയ്ക്കുള്ള തടസ്സം നീങ്ങുന്നു. തദ്ദേശഭരണ വകുപ്പ് മനസ്സു വച്ചാൽ ഇനി പദ്ധതിക്കു തടസ്സമില്ല. ആവശ്യമായ ഫണ്ട് എംഎൽഎ ഫണ്ടിൽനിന്നു ലഭ്യമാക്കുമെന്ന് ഇന്നലെ മഞ്ഞളാംകുഴി അലി എംഎൽഎ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറെ കത്തു മുഖേന അറിയിച്ചു.
പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാകുന്ന മുറയ്ക്ക്, പഞ്ചായത്ത് അനുവദിക്കുന്ന തുക കഴിച്ചു ബാക്കി തുക മുഴുവനും വകയിരുത്തുമെന്നാണു രേഖാമൂലം അറിയിച്ചത്. അങ്ങാടിപ്പുറം, പട്ടിക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയ്ക്ക് ഏഴുകണ്ണിപ്പാലത്തിനു സമീപം ചാത്തനല്ലൂരിൽ പ്രത്യേക തുരങ്കം നിർമിച്ചാണു പദ്ധതി.
നിലവിൽ ഇരുചക്ര വാഹനങ്ങൾ കടന്നു പോകുന്ന ഏഴുകണ്ണിപ്പാലം ഇതിനായി ഉപയോഗപ്പെടുത്താൻ നിർദേശം വന്നെങ്കിലും നീരൊഴുക്കുള്ള മേഖലയായതിനാലും സുരക്ഷാ കാരണങ്ങളാലും റെയിൽവേ പദ്ധതി തള്ളി. തുടർന്നാണ് അങ്ങാടിപ്പുറം പഞ്ചായത്ത് പുതിയ പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പദ്ധതിയുടെ സാധ്യതാപഠനം നടത്തുകയും അനുകൂലമെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. പദ്ധതിയുടെ ലൊക്കേഷൻ മാപ്പും റഫ് എസ്റ്റിമേറ്റും തയാറാക്കി.
പദ്ധതിക്കു ഡിവിഷനൽ എൻജിനീയർ 3.08 കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞ വർഷം ഡിസംബർ 19ന് കലക്ടർക്കു സമർപ്പിച്ചിരുന്നു. ഇതിനു സെന്റേജ് ചാർജായി (എസ്റ്റിമേറ്റും ലൊക്കേഷൻ മാപ്പും തയാറാക്കുന്നതിനുള്ള നിരക്ക്) 6.17 ലക്ഷം രൂപ റെയിൽവേക്ക് അടച്ചാലേ ഫൈനൽ എസ്റ്റിമേറ്റ് തയാറാക്കൂ.
തുടർന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു. ഈ തുകയിൽനിന്നു സെന്റേജ് ചാർജ് അനുവദിക്കുകയായിരുന്നു ലക്ഷ്യം. എംഎൽഎ ഒരു കോടി രൂപയും പദ്ധതിക്കായി നീക്കിവച്ചു. എന്നാൽ മുഴുവൻ പദ്ധതിത്തുകയും കണ്ടെത്തിയാലേ പഞ്ചായത്തിന് അനുമതി നൽകാനാവൂ എന്നായിരുന്നു തദ്ദേശഭരണ വകുപ്പിന്റെ നിലപാട്. ഇതോടെ പദ്ധതി വഴിയിൽ സ്തംഭിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് റെയിൽവേക്കു സെന്റേജ് ചാർജ് അടയ്ക്കാനായില്ല. ഇതോടെ ഫൈനൽ എസ്റ്റിമേറ്റും തയാറാക്കിയില്ല.
ഷൊർണൂർ – നിലമ്പൂർ റെയിൽ പാതയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ സംബന്ധിച്ച് ആശയക്കൂട്ടായ്മ ഈ പ്രശ്നം ചർച്ച ചെയ്തിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്തംഗം പി.പി.ഷിഹാബ് ആണു കൂട്ടായ്മയിൽ ഇത് അവതരിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ മഞ്ഞളാംകുഴി അലി എംഎൽഎയുടെ ഇടപെടൽ.തദ്ദേശഭരണ വകുപ്പ് പഞ്ചായത്തിന് അനുമതി നൽകിയാൽ തുടർ പ്രവർത്തനങ്ങൾ നടത്താനാവും. അടിപ്പാത യാഥാർഥ്യമായാൽ ഓരാടംപാലത്തുനിന്ന് 3.8 കിലോമീറ്റർ യാത്ര ചെയ്തു പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസ് ജംക്ഷനിലെ അൽശിഫ ജംക്ഷനിലെത്താം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യു
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
