സെവൻസ് ഫുട്ബോൾ അസോസിയേഷൻ പിളർന്നു; ഔദ്യോഗിക പക്ഷത്തിന് വിമതരുടെ ചുവപ്പ് കാർഡ്

Share to


Perinthalmanna Radio
Date: 09-10-2025

പെരിന്തൽമണ്ണ : ഒത്തുതീർപ്പ് ചർച്ചകളിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സംസ്ഥാന സെവൻസ് ഫുട്ബോൾ അസോസിയേഷൻ പിളർന്നു. പെരിന്തൽമണ്ണ കാദറലി ക്ലബ്ബിൽ ചൊവ്വാഴ്ച വിമത വിഭാഗം വിളിച്ചു ചേർത്ത സംസ്ഥാനതല സ്പെഷ്യൽ കൺവെൻഷനോടെയാണ് സംഘടനയിലെ പിളർപ്പ് പൂർണമായത്. ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ, മാനേജേഴ്സസ് അസോസിയേഷൻ, റഫറീസ് അസോസിയേഷൻ എന്നീ സംഘടനകൾചേർന്ന സംസ്ഥാന സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സ്പെഷ്യൽ കൺവെൻഷനോടെ രണ്ടായി. ഇതിന്റെ തുടർച്ചയായി സെവൻസ് ഫുട്‌ബോൾ അസോസിയേഷന്റെ ഭാഗമായുള്ള ഈ മൂന്ന് സംഘടനകളും രണ്ടാകും. കഴിഞ്ഞമാസം കോഴിക്കോട്ടുചേർന്ന ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ ജനറൽബോഡി യോഗം മുതലാണ് സംഘടനയിലെ ഭിന്നിപ്പ് പ്രകടമായത്. ടൂർണമെന്റ് കമ്മിറ്റി അസോസിയേഷന്റേയും സെവൻസ് ഫുട്ബോൾ അസോസിയേഷന്റേയും പ്രസിഡന്റ് സ്ഥാനം നിലവിൽ ഒരേ വ്യക്തിയാണ് വഹിക്കുന്നത്. ഇദ്ദേഹം ഏതെങ്കിലും ഒരു പദവി ഒഴിയണമെന്നും അല്ലെങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിമതവിഭാഗം രംഗത്ത് വന്നത്. എന്നാൽ ഔദ്യോഗികപക്ഷം മധ്യസ്ഥ ചർച്ചയിൽ ഇക്കാര്യം അംഗീകരിക്കാതായതോടെയാണ് സംഘടന പിളർപ്പിലേക്കെത്തിയത്.

പെരിന്തൽമണ്ണയിൽ വിമതവിഭാഗം വിളിച്ചുചേർത്ത സംസ്ഥാന കൺവെൻഷനിൽ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷനിലെ 52 അംഗങ്ങളിൽ 40 പേർ പങ്കെടുത്തു. മാനേജേഴ്സസ് അസോസിയേഷനിലെ 40-ൽ 19 പേരും യോഗത്തിലെത്തി. എസ്എഫ്എ രക്ഷാധികാരി വിനയൻ ബ്ലാക്ക് ആൻഡ്‌ വൈറ്റ് കൺവെൻഷൻ ഉദ്ഘാടനംചെയ്തു. വിമത വിഭാഗം പുതിയ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്ത ചെറൂട്ടി മുഹമ്മദ് യോഗത്തിൽ അധ്യക്ഷനായി. പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സലാഹുദ്ദീൻ മമ്പാട് റിപ്പോർട്ടവതരിപ്പിച്ചു. എസ്എഫ്എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറുകൾ നവംബറിൽ തുടങ്ങാൻ യോഗം തീരുമാനിച്ചു. 2025-26 സീസണിൽ കാസർകോട് (8), കണ്ണൂർ (3), കോഴിക്കോട് (3), മലപ്പുറം (15), പാലക്കാട് (5), തൃശ്ശൂർ (5) എന്നിങ്ങനെ 39 ടൂർണമെന്റുകൾക്ക് കൺവെൻഷൻ അംഗീകാരം നൽകി. ഹബീബ് റഹ്‌മാൻ അരീക്കോട്, കെ.ആർ.എസ്. ചന്ദ്രൻ, മുഹമ്മദ്കുട്ടി മാവൂർ, റോയൽ മുസ്തഫ, മുഹമ്മദ് കുഞ്ഞി കാസർകോട്, ജോൺസൺ ജേക്കബ്, റഊഫ് എടവണ്ണ, യാഷിക് മഞ്ചേരി, യൂസഫ് ഏമാടൻ, സൈനുദ്ദീൻ പടന്ന, കൃഷ്ണൻകുട്ടി ഷൊർണ്ണൂർ, ഇസമണി, അൻവർ ജിംഖാന, ഷാഹുൽ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനങ്ങൾ ഈ മാസം വിളിച്ചുചേർക്കാനും കൺവെൻഷനിൽ തീരുമാനമായി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *