
Perinthalmanna Radio
Date: 09-10-2025
മേലാറ്റൂർ : പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനായി നിർമിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ പണി മാസങ്ങളായി നിലച്ചനിലയിൽ.
അടിയിലെ നില ഉൾപ്പെടെ മൂന്നുനിലകളിലായി 2700 ചതുരശ്രയടി വിസ്തൃതിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി 2024 നവംബറിലാണ് തുടങ്ങിയത്. ഒരുകോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
2022-23 സാമ്പത്തികവർഷത്തിൽ ആസ്തിവികസന ഫണ്ടിൽനിന്ന് നജീബ് കാന്തപുരം എംഎൽഎ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതുപയോഗിച്ചുള്ള ആദ്യഘട്ട നിർമാണത്തിൽ താഴത്തെ നിലയുടെ നിർമാണം പൂർത്തിയായിട്ട് മാസങ്ങളായി.
നിലം ടൈൽസിടലും പ്ലംബിങ് ഉൾപ്പെടെയുള്ള പണികളും ഇനിയും നടക്കാനുണ്ട്. രണ്ടാംഘട്ട തുക ലഭിച്ചാലേ ഇനിയുള്ള പണികൾ നടക്കൂ.
കെട്ടിടസമുച്ചയത്തിന്റെ അടിവശത്തെ നിലയിൽ സ്റ്റോർറൂമും ഒന്നാംനിലയിൽ ഓഫീസ് സമുച്ചയവും രണ്ടാംനിലയിൽ കോൺഫറൻസ് ഹാളുമാണ് ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ട നിർമാണത്തിനായി 25 ലക്ഷംകൂടി എംഎൽഎ അനുവദിച്ചിട്ടുണ്ട്.
സാങ്കേതികപ്രശ്നങ്ങൾ കാരണം അതു ലഭിക്കുന്നതിലെ താമസമാണ് പണി നിലയ്ക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
1996-ലാണ് മേലാറ്റൂർ ആസ്ഥാനമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് നിലവിൽവന്നത്. അന്നുമുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഓഫീസ് പതിറ്റാണ്ടുകൾക്കിപ്പുറവും വാടകക്കെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്.
ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഓഫീസിന് സ്വന്തം കെട്ടിടം നിർമിക്കാനായി മേലാറ്റൂർ വില്ലേജ് ഓഫീസിനോടു ചേർന്ന് എച്ച്എം ഫോറം 4.5 സെന്റ് ഭൂമി വാങ്ങിനൽകിയത്. കോവിഡും മറ്റും തീർത്ത പ്രതിസന്ധികൾക്കുശേഷമാണ് കെട്ടിടംപണി തുടങ്ങിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
