
Perinthalmanna Radio
Date: 09-12-2025
പെരിന്തൽമണ്ണ: “ഒരേ മനസ്സും കൂട്ടായ ശ്രമവും 2025–2028” പദ്ധതിയുടെ ഭാഗമായി തേക്കിൻക്കോട് നജ്മുൽ ഹുദാ മദ്രസയിൽ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ചേർന്ന യോഗത്തിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുകയും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ലക്ഷ്യമാക്കി സംഘടിപ്പിച്ച യോഗത്തിൽ മദ്രസ സെക്രട്ടറി സാബിദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സെയ്ദു ഫസലുറഹിമാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മദ്രസയുടെ ഭാവി വികസനത്തിനായി ഏകോപിതമായ പ്രവർത്തനവും കൂട്ടായ ഉത്തരവാദിത്വവും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025–2028 പദ്ധതി വഴി അധ്യാപന–വിദ്യാഭ്യാസ മേഖലകളിൽ ഗുണനിലവാര ഉയർത്തലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സംസാരിച്ച അബ്ദുൽ റഷീദ് ഉസ്താദ്, കുട്ടികളുടെ ശിഷ്ടാചാരവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കളും അധ്യാപകരും ചേർന്നുള്ള ഏകോപിത ശ്രമങ്ങൾ പ്രധാനമാണെന്ന് വ്യക്തമാക്കി.
യോഗത്തിന്റെ ഭാഗമായി 2025-ലെ അർദ്ധ വാർഷിക പരീക്ഷയുടെ പ്രോഗ്രസ്സ് റിപ്പോർട്ടുകൾ രക്ഷിതാക്കൾക്ക് വിതരണം ചെയ്തു. വിവിധ ക്ലാസുകളിലായി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മദ്രസ കമ്മിറ്റി പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും മദ്രസയുടെ തുടർച്ചയായ വളർച്ചയ്ക്കുമായി രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്നു മദ്രസ കമ്മിറ്റി അറിയിച്ചു. “ഒരേ മനസ്സും കൂട്ടായ ശ്രമവും 2025–2028” പദ്ധതി അതിന്റെ ഭാഗമായി ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
——————————————–
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
