പരിയാപുരത്തെ പുലിപ്പേടി; ജാഗ്രത മതിയെന്ന് അധികൃതർ

Share to

Perinthalmanna Radio
Date: 10-01-2025

അങ്ങാടിപ്പുറം: പരിയാപുരത്ത് വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായുള്ള വിവരങ്ങളും മൃഗാവശിഷ്ടം കണ്ടെത്തിയതും നാട്ടുകാരുടെ ആശങ്കകളും വ്യക്തമാക്കി കാളികാവ് റേഞ്ച് ഓഫി‌സർക്കും തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്കും റിപ്പോർട്ട് നൽകുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഊഹാപോഹങ്ങൾ പരത്തരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നും പൊലീസും വ്യക്തമാക്കി.

പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ യോഗത്തിലാണ് പഞ്ചായത്ത്, വനം, പൊലീസ് അധികൃതർ കാര്യങ്ങൾ വിശദീകരിച്ചത്. ഈ പ്രദേശങ്ങളിലെ പൊന്തക്കാടുകൾ അടിയന്തരമായി വെട്ടിനീക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നൽകുമെന്നും അതു ചെയ്യാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. കേടായ വഴി വിളക്കുകൾ നന്നാക്കാൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സഈദ പറഞ്ഞു.

വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ ക്യാമറ സ്ഥാപിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഫോറസ്റ്റ് ഓഫി‌സർ എൻ.വി.രഞ്ജിത്ത് പറഞ്ഞു. തുടർന്നും നാട്ടുകാർക്കൊപ്പം എല്ലാ സഹായവും ചെയ്യാൻ പൊലീസും വനം വകുപ്പും പഞ്ചായത്ത് അധികൃതരും ഒപ്പമുണ്ടാകുമെന്ന് യോഗത്തിൽ ഉറപ്പു നൽകി.

പഞ്ചായത്ത് അംഗം അനിൽ പുലിപ്ര ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സഈദ, വൈസ് പ്രസിഡന്റ്‌ ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത് അംഗം പി.ഷഹബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, സ്ഥിര സമിതി അധ്യക്ഷൻ വി.സുനിൽ ബാബു, നിലമ്പൂർ സൗത്ത് ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി.രഞ്ജിത്ത്, പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, സെന്റ്‌ മേരീസ് സ്കൂൾ പിടിഎ പ്രസിഡന്റ് സാജു ജോർജ്, വൈസ് പ്രസിഡന്റ്‌ കെ.ടി.ഹനീഫ, അധ്യാപകരായ മനോജ് വീട്ടുവേലിക്കുന്നേൽ, മനോജ് കെ.പോൾ, കെ.ടി.ജബ്ബാർ, ഏലിയാമ്മ തോമസ്, വില്ലേജ് ഓഫി‌സർ രഞ്ജിത്, പി.ഡി.സജി, ജെറിൻ ജോർജ്, റോയി തോയക്കുളം, സിന്ധു ഫ്രാൻസിസ്, ബിഎഫ്ഒ സൽമാൻ ഹാരിസ് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *