പകുതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസിനെതിരെയും കേസ്

Share to

Perinthalmanna Radio
Date: 10-02-2025

പെരിന്തൽമണ്ണ: പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത് പോലീസ്. എൻജിഒ കോണ്‍ഫെഡറേഷന്റെ ഇംപ്ലിമെന്റിങ് ഏജൻസിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കെഎസ്‌എസ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.

2014 ഏപ്രില്‍ മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ 34 ലക്ഷം രൂപ എൻജിഒ കോണ്‍ഫെഡറേഷൻ കെഎസ്‌എസ് വഴി തട്ടിച്ചു എന്നാണ് പരാതി. കെഎസ്‌എസ് പ്രസിഡന്റ് ഡാനിമോനാണ് പരാതി നല്‍കിയത്. ആനന്ദകുമാർ, അനന്തുകൃഷ്ണൻഎന്നിവർക്കൊപ്പം മൂന്നാം പ്രതിയായാണ് ജസ്റ്റിസ്. സി.എൻ.രാമചന്ദ്രൻ നായരെയും പോലീസ് പ്രതിചേർത്തത്.

അതേസമയം നിരുത്തരവാദപരമായാണ് തന്നെ പോലീസ് പ്രതിചേർത്തതെന്നാരോപിച്ച്‌ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ രംഗത്തെത്തി. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്ക്കാണ് തന്നെ എഫ്‌ഐആറില്‍ പ്രതിചേർത്തത്. താൻ കോണ്‍ഫെഡറേഷന്റെ ഉപദേശകൻ മാത്രമായിരുന്നുവെന്നും രക്ഷാധികാരിയായിരുന്നില്ലെന്നും ജസ്റ്റിസ് പറയുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നോട് അന്വേഷിക്കുക പോലും ചെയ്യാതെയാണ് ഈ രീതിയില്‍ പോലീസ് കേസെടുത്തതെന്നും മലപ്പുറം എസ്പിയെ വിളിച്ച്‌ പരാതി അറിയിച്ചതായും ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു.

പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ, സംഘടനയുമായുള്ള ബന്ധം വെളിപ്പെടുത്തി ജസ്റ്റിസ് രംഗത്തുവന്നിരുന്നു. പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ പ്രതികളിലൊരാളും സായ് ട്രസ്റ്റ് മേധാവിയുമായ ആനന്ദകുമാർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൻജിഒ കോണ്‍ഫെഡറേഷന്റെ ഉപദേശകനായതെന്നും അനധികൃതമായി സംഘടന പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ജൂണില്‍ സംഘടനയുടെ ഉപദേശക സ്ഥാനം ഒഴിഞ്ഞതാണെന്നും ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *