
Perinthalmanna Radio
Date: 10-02-2026
അങ്ങാടിപ്പുറം: ദീർഘകാലമായി അങ്ങാടിപ്പുറം ടൗണിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി വൈലോങ്ങര- ഓരോടംപാലം ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. പദ്ധതിക്കായി ആകെ 17 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സ്ഥലമേറ്റെടുപ്പിനായി അനുവദിച്ച 4 കോടി രൂപയിൽ ഭൂരിഭാഗവും സ്ഥലമുടമകളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കഴിഞ്ഞു.
മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 2018-ൽ ആരംഭിച്ച പദ്ധതി നടപടികൾ വിവിധ കാരണങ്ങളാൽ വൈകിയിരുന്നുവെങ്കിലും ഇപ്പോൾ 95 ശതമാനം നടപടികളും പൂർത്തിയായിട്ടുണ്ട്. കൃഷി വകുപ്പിൽ നിന്നുള്ള ചില ചെറിയ സാങ്കേതിക അനുമതികൾ കൂടി ലഭിക്കുന്നതോടെ റോഡ് നിർമ്മാണം പൂർണ്ണതോതിൽ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ വ്യക്തമാക്കി.
സ്ഥലം വിട്ടു നൽകിയ ഉടമകൾക്ക് നഷ്ടപരിഹാര തുക ലഭിച്ചു തുടങ്ങിയത് നാട്ടുകാർക്കിടയിൽ വലിയ ആശ്വാസമായിട്ടുണ്ട്. ഹൈക്കോടതിയുമായി ബന്ധപ്പെട്ട തർക്കങ്ങളുള്ള ചിലരുടെ പണം അവിടെ കെട്ടി വെച്ചിട്ടുമുണ്ട്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലെ അങ്ങാടിപ്പുറം ജംഗ്ഷനിലെ തിരക്ക് ഗണ്യമായി കുറയുമെന്നും യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
2018 മുതൽ യു.ഡി.എഫ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് ഈ വികസന പദ്ധതി ഇപ്പോൾ നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങുന്നത്. അങ്ങാടിപ്പുറത്തെ കുരുക്കഴിക്കാൻ ഈ ബൈപ്പാസ് എത്രയും വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
