ഇനി കാത്തിരിപ്പിന്റെ 24 ദിനങ്ങൾ; വോട്ടെണ്ണൽ മേയ് നാലിന്

Share to


Perinthalmanna Radio
Date: 10-04-2026

ജനവിധി ആർക്ക് അനുകൂലമെന്നറിയാൻ കാത്തിരിക്കേണ്ടത് 24 ദിനങ്ങൾ. മേയ് നാലിനാണ് വോട്ടെണ്ണൽ. 2021ൽ കാത്തിരിപ്പ് ഒരു ദിവസം കൂടുതലായിരുന്നു. ഏപ്രിൽ ആറിന് വോട്ടെടുപ്പും മേയ് രണ്ടിന് വോട്ടെണ്ണലും.
സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും യഥാർത്ഥ നെഞ്ചിടിപ്പ് തുടങ്ങുന്നത് ഇനിയാണ്. റോക്കറ്റ് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പു പോലെ ഓരോ ദിവസവും കൗണ്ട്ഡൗൺ.
വോട്ടെടുപ്പ് കഴിഞ്ഞുള്ള അസസ്‌മെന്റ് മൂന്ന് മുന്നണികളും ഇന്നും നാളെയുമായി നടത്തും. പോൾ ചെയ്തതിൽ ഉറപ്പുള്ളതും ഉറപ്പാക്കിയതുമായ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഒരുപരിധിവരെയുള്ള തിട്ടപ്പെടുത്തൽ ഇതിലൂടെ സാദ്ധ്യമാവും. പക്ഷേ, ഈ കണക്കുകൾ അപ്പാടെ തെറ്റിയ തിരഞ്ഞെടുപ്പുകളുമുണ്ട്.

പോളിങ് കഴിഞ്ഞ് ഫല പ്രഖ്യാപനത്തിനായി ഇത്രയധികം ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വോട്ടർമാരെയും ഒരു പോലെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്. അഭിപ്രായ സർവെകളുടെയും കണക്കു കൂട്ടലുകളുടെയും പേരിൽ പതിവു പോലെ വലിയ തർക്ക വിതർക്കങ്ങൾ തുടങ്ങി ക്കഴിഞ്ഞു. യഥാർഥ ഫലം വരാനിരിക്കെ, വെറുമൊരു കൗതുകം എന്നതിലപ്പുറം ഇവയ്ക്കൊന്നും പ്രസക്തിയില്ലെങ്കിലും, രാഷ്ട്രീയ കുതുകികൾക്ക് ഫലപ്രഖ്യാപനം വരെ നേരം കളയാനും സമാശ്വാസം കണ്ടെത്താനും ഒരു വിഷയമാണ് അതും. അതിലൊക്കെ അപ്പുറം, ആരു ജയിച്ചാലും പ്രകടന പത്രികകൾ വെറും കടലാസ് രേഖകളായി ഒതുങ്ങരുതെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്.

വാഗ്ദാനങ്ങൾ അവസാന നിമിഷം തുന്നിക്കൂട്ടിയ വെറും വാക്കുകളാവാതെ, നടപ്പിലാക്കാൻ സാധിക്കുന്ന വികസന കാഴ്ചപ്പാടുകളാവുമെന്നാണ് വോട്ടർമാർ എപ്പോഴും പ്രതീക്ഷിക്കുക, പലപ്പോഴും അതു പാളിപ്പോകാറുണ്ടെങ്കിലും. ആര് അധികാരത്തിൽ വന്നാലും, ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണ്. ഖജനാവിന്‍റെ അവസ്ഥയോ ഭരണപരമായ പരിമിതികളോ പറഞ്ഞ് വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോകുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതല്ലെങ്കിൽ, അതൊക്കെ പരിഗണിച്ചു വേണമായിരുന്നു തെരഞ്ഞെടുപ്പിനു മുൻപേ വാഗ്ദാനങ്ങൾ പുറപ്പെടുവിക്കാൻ. ക്ഷേമ പെൻഷനുകൾ, തൊഴിലില്ലായ്മ പരിഹരിക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ഭരണകൂടം കൂടുതൽ ജാഗ്രത കാട്ടേണ്ടതുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *