
Perinthalmanna Radio
Date: 10-05-2024
പെരിന്തൽമണ്ണ: വേനൽച്ചൂടിന് താൽക്കാലികാശ്വാസമായി ജില്ലയിൽ വീണ്ടും വേനൽമഴയെത്തി. മിന്നലിന്റെ അകമ്പടിയോടെ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പുലർച്ചെയുമായി വിവിധയിടങ്ങളിൽ പെയ്ത മഴ അര മണിക്കൂറോളം നീണ്ടു. ചൂട് അൽപം കുറഞ്ഞെങ്കിലും വെള്ളമില്ലാതെ മുടങ്ങിക്കിടക്കുന്ന ശുദ്ധജല പദ്ധതികൾ സജീവമാകണമെങ്കിൽ ഇനിയും നല്ല മഴ ലഭിക്കേണ്ടതുണ്ട്.
മഴ പെയ്തതോടെ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 34 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയിലെ ഉയർന്ന താപനില. ജില്ലയിൽ 10 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് കണക്ക്. ഇതോടെ, ജില്ലയുടെ വേനൽ മഴ ലഭ്യതക്കുറവ് 91% ആയി കുറഞ്ഞു. മാർച്ച് മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചതു 14.2 മില്ലി മീറ്റർ മഴ. സാധാരണ ഈ സമയത്ത് ലഭിക്കുന്നത് 164.2 മില്ലി മീറ്ററാണ്. വരും ദിവസങ്ങളിലും ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കണക്ക്.
ജില്ലയിലെ മലയോര മേഖലയിലാണ് കനത്ത മഴ ലഭിച്ചത്. എടക്കര മേഖലയിൽ 26.5 മി.മീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. മഞ്ചേരിയിൽ 6.4 മി.മീറ്ററും കൊണ്ടോട്ടി മേഖലയിൽ 10.6 മി.മീറ്ററും മഴ ലഭിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
