
Perinthalmanna Radio
Date: 10-05-2025
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സ് 12ന് ഉച്ചകഴിഞ്ഞ് 3ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി, ഓർത്തോപീഡിക് ഓപ്പറേഷൻ തിയറ്ററുകളും കണ്ണ് ശസ്‌ത്രക്രിയയ്‌ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ തിയറ്ററും നവീകരിച്ച ഓട്ടോക്ലേവ് സംവിധാനവും പ്രീ–മെഡിക്കേഷൻ, റിക്കവറി റൂമുകളും ഉൾക്കൊള്ളുന്നതാണ് തിയറ്റർ കോംപ്ലക്‌സ്.
നേത്രശസ്‌ത്രക്രിയാ തിയറ്ററിന് എംപി ഫണ്ടിൽനിന്നാണ് 12 ലക്ഷം രൂപ അനുവദിച്ചത്. ബ്ലഡ് ബാങ്ക് ഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ഉൾപ്പെടെ 70 ലക്ഷം രൂപ ചെലവിലാണ് തിയറ്ററുകൾ നവീകരിച്ചത്. മുൻപ് പഴയ ബ്ലോക്കിൽ 2 തിയറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണിനും മുട്ടുമാറ്റൽ ശസ്‌ത്രക്രിയയ്ക്കുമുള്ള പ്രത്യേക തിയറ്ററുകൾ ഉൾപ്പെടെ ഇത് നാലായി മാറിയതോടെ ശസ്‌ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് കൂടുതൽ ആശ്വാസമാകും.
ഡയാലിസിസ് യൂണിറ്റിന് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ ഇടിപി (ഇഫ്ലുവന്റ് ട്രീറ്റ്മെൻറ് പ്ലാന്റ്) പ്രവർത്തനോദ്ഘാടനം ഇതോടൊപ്പം നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും.
സ്ഥലപരിമിതിമൂലം നിലവിലെ ഓപ്പറേഷൻ തിയറ്ററിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വിശാലമായ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാവിധ ശസ്ത്രക്രിയകളും ബുദ്ധിമുട്ടില്ലാതെ നടത്താനാകും. 9 ഡയാലിസിസ് മെഷീനുകൾ ഉള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ പ്രതിദിനം 24 ഡയാലിസിസ് നടത്താൻ സൗകര്യമുണ്ട്. പ്രതിദിനം 10,000 ലീറ്റർ മലിനജലം ശുദ്ധീകരിക്കാനാകുന്ന ആധുനിക പ്ലാന്റാണ് ഇവിടെ നിർമിക്കുന്നത്.
പുനരുപയോഗം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള നൂതന അൾട്രാ ഫിൽട്രേഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുന്നത്.
കേരള പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മാനദണ്ഡങ്ങൾക്കും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചിത്വ മിഷൻ അംഗീകാരത്തിനും വിധേയമായിട്ടാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. ഗവ. അക്രഡിറ്റഡ് ഏജൻസിയായ ഐആർടിസിക്ക് ആണ് നിർമാണച്ചുമതലയെന്നും എത്രയും പെട്ടെന്ന് പ്ലാന്റ് പൂർത്തിയാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, ആശുപത്രി സൂപ്രണ്ട് ഡോ. എൽ.ഷീനാലാൽ, ആർഎംഒ ഡോ. ദീപക് കെ.വ്യാസ്, ഡോ .എ.കെ.റൗഫ് തുടങ്ങിയവർ അറിയിച്ചു.
————————