
Perinthalmanna Radio
Date: 10-06-2024
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറുന്ന 52 ദിവസങ്ങളായിരിക്കും ഇനിയുള്ളത്. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്
ഒരു ഭാഗത്ത് കാലവഷക്കെടുതികൾ, മറുഭാഗത്ത് ട്രോളിങ് നിരോധനം. ജില്ലയിലെ തീരമേഖല കടുത്ത പരീക്ഷണ ഘട്ടത്തിലേക്കു കടക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച കടൽഭിത്തിയും പുനരധിവാസവും പൂർണതയിലെത്തിയിട്ടല്ല. തിരമാലകളും വെള്ളക്കെട്ടും വീടിനകത്തേക്ക് കയറി വരുന്നു. ഇതിനിടയിൽ തൊഴിലില്ലാത്ത കാലവും.
2 മാസത്തോളം നീളുന്ന ട്രോളിങ് നിരോധന കാലം എങ്ങനെ അതിജീവിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ ആലോചിക്കുന്നത്. ഇന്നലെ രാത്രിയോടെ ബോട്ടുകളെല്ലാം ഹാർബറിലും പരിസരത്തുമായി നങ്കൂരമിട്ടു. സാധാരണ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തുന്ന കാലമാണെങ്കിലും ഇത്തവണ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വേണ്ടെന്നു വച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ബോട്ടിനു വേണ്ടി ചെലവഴിച്ച പണത്തിന്റെ പകുതിപോലും ഒരു വർഷം കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബാങ്ക് വായ്പയും പണയവുമെല്ലാം പലിശയും പിഴപ്പലിശയുമൊക്കെയായി വീട്ടിത്തീർക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പരമ്പരാഗത വള്ളങ്ങൾക്ക് വിലക്കില്ലാത്തതാണ് ഏക ആശ്വാസം. തീരത്തോടു ചേർന്ന് വള്ളക്കാർക്ക് മീൻപിടിത്തം നടത്താവുന്നതാണ്. അനധികൃത മീൻപിടിത്തം പിടികൂടുന്നതിന് കർശന പരിശോധനകളുമായി ഫിഷറീസ് വകുപ്പ് രംഗത്തിറങ്ങുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
