അലിഗഡ് മലപ്പുറം കേന്ദ്രം: വികസന സാധ്യത പഠിക്കാൻ വിദഗ്ധസമിതി

Share to


Perinthalmanna Radio
Date: 10-07-2025

പെരിന്തൽമണ്ണ ∙ അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിന്റെ വികസന കാര്യത്തിൽ കൂടുതൽ സാധ്യത തെളിയുന്നു. മലപ്പുറം കേന്ദ്രത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി അലിഗഡ് സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിദഗ്ധ സമിതി രൂപീകരിച്ചു.

കഴിഞ്ഞ ഡിസംബറിൽ നടന്ന അലിഗഡ് സർവകലാശാലയുടെ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാന പ്രകാരമാണ് നിലവിൽ സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റി ഡീനും മലപ്പുറം കേന്ദ്രത്തിലെ മുൻ ഡയറക്ടറുമായ ടി.എൻ.സതീശൻ അധ്യക്ഷനായി ഒരു വിദഗ്ധ സമിതിക്ക് വൈസ് ചാൻസലർ പ്രഫ.നഈമ ഖാതൂൻ രൂപം നൽകിയത്. മലപ്പുറം കേന്ദ്രത്തിന്റെ പേരിലുള്ള 343 ഏക്കർ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് നിലവിലെ സ്ഥിതികൾ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.

മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. കെ.പി.ഫൈസൽ സർവകലാശാലകളുടെ സ്പെഷൽ സെന്ററുകളുടെ കോ–ഓർഡിനേറ്റർ പ്രഫ.മുഹമ്മദ് താരിഖ്, എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ചെയർമാൻ പ്രഫ. നികഹത് നസ്രീൻ, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഫാക്കൽറ്റി പ്രഫ. വലീദ് അൻസാരി തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

കമ്മിറ്റി ചെയർമാൻ പ്രഫ. ടി.എൻ.സതീശൻ ഇന്നലെ പെരിന്തൽമണ്ണയിലെ അലിഗഡ് മലപ്പുറം ക്യാംപസ് സന്ദർശിച്ചു. മലപ്പുറം കേന്ദ്രത്തിന്റെ നിലവിലുള്ള സ്ഥിതിയും ഇനി മുന്നോട്ടുള്ള വികസന വഴികളെക്കുറിച്ചും ഡയറക്ടർ ഡോ. കെ.പി.ഫൈസലുമായി വിശദമായ ചർച്ചകൾ നടത്തി.

കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ ഫണ്ടിങ് ഏജൻസി വഴി നടപ്പിലാക്കുന്നതിന് മലപ്പുറം സെന്ററിൽ നിന്ന് സമർപ്പിച്ച പദ്ധതികളുടെയും, 2010-ൽ കേന്ദ്ര ഏജൻസി എഡ്സിൽ തയാറാക്കിയ സെന്ററിന്റെ ഡിപിആർ പരിഷ്കരിച്ചു പുതുതായി തുടങ്ങേണ്ട ഫാക്കൽറ്റികളുടെയും പ്രോഗ്രാമുകളുടെയും വിശദമായ രൂപരേഖ സമിതിയുടെ പരിഗണനയ്ക്കായി കേന്ദ്രം ഡയറക്ടർ സമർപ്പിച്ചു. ഡോ.വി.കെ.ഹംസ, ഡോ. രാഹുൽ വി രാജൻ, എജ്യുക്കേഷൻ വിഭാഗം കോ–ഓർഡിനേറ്റർ ഡോ.അബ്ദുൽ ബാസിത്ത്, എക്സാമിനേഷൻ സൂപ്രണ്ട് ഡോ. ടി.നജ്മുദ്ദീൻ, അസി.റജിസ്ട്രാർ അഹസം ഖാൻ എന്നിവരും പങ്കെടുത്തു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *