
Perinthalmanna Radio
Date: 10-08-2024
മേലാറ്റൂർ : ഡോക്ടറില്ലാത്തതിനാൽ മേലാറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി. മുടങ്ങി. ശനിയാഴ്ചയും സായാഹ്ന ഒ.പി. ഉണ്ടാവില്ല. ഒരു ഡോക്ടറാണ് സായാഹ്ന ഒ.പി.യിൽ ഉണ്ടാകാറുള്ളത്. പരീക്ഷാസംബന്ധമായ കാരണത്താൽ ഡോക്ടർ അവധിയെടുത്തതാണ് പ്രശ്നത്തിനു കാരണം. എന്നാൽ ഇതിന് ബദൽ സംവിധാനം ഏർപ്പെടുത്താത്തത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പകൽ രണ്ടുമുതൽ ആറുവരെയാണ് സായാഹ്ന ഒ.പി.യുടെ പ്രവർത്തനം. നിത്യവും ഇരുന്നൂറിലധികം രോഗികൾ മേലാറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിൽ ചികിത്സ തേടി എത്താറുണ്ട്.
വെള്ളിയാഴ്ചയും ഇതുപോലെ നിരവധിപേർ എത്തിയെങ്കിലും ഡോക്ടർ ഇല്ലെന്നറിഞ്ഞതോടെ മടങ്ങിപ്പോയി. ശനിയാഴ്ചയും സായാഹ്ന ഒ.പി. പൂർണമായും മുടങ്ങുന്നതോടെ സാധാരണക്കാരായ രോഗികൾ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
പനി ഉൾപ്പെടെയുള്ള സാംക്രമികരോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് സാധാരണക്കാരായ ജനങ്ങൾക്കുള്ള ഏക ആശ്രയമാണ് സായാഹ്ന ഒ.പി.കൾ പോലുള്ള സർക്കാർ ചികിത്സാകേന്ദ്രങ്ങൾ. എന്നാൽ അവിടങ്ങളിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതും ചികിത്സ കിട്ടാത്തതും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
സായാഹ്ന ഒ.പി.യുടെ ചുമതലയുള്ള ഡോക്ടർമാർക്ക് മാസത്തിൽ രണ്ട് അവധി അനുവദനീയമാണ്. അവർ അവധിയെടുക്കുമ്പോൾ ബദൽ സംവിധാനം ഒരുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഞായറാഴ്ച നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിന് മിക്ക ഡോക്ടർമാരും പോകുന്നതിനാലാണ് ബദൽ സംവിധാനം ഒരുക്കാൻ സാധിക്കാതെവന്നതെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
