
Perinthalmanna Radio
Date: 10-08-2025
മുൻഗണനാ വിഭാഗമായ പിങ്ക് റേഷൻ കാർഡിന് അപേക്ഷിച്ച മുഴുവൻ പേർക്കും തരംമാറ്റി, കാർഡ് നൽകും. മാറി വരുന്ന സാമൂഹിക- സാമ്പത്തിക ഘടകങ്ങൾക്ക് അനുസരിച്ച് ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി കാർഡ് പരിഷ്കരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മാനദണ്ഡങ്ങളെല്ലാം ഒഴിവാക്കിയാണ് കാർഡ് നൽകുന്നത്.
ബിപിഎൽ പട്ടികയിലുള്ളവർ, ഭൂമിയും വീടും ഇല്ലാത്തവർ, പട്ടികജാതി വിഭാഗക്കാർ, വൈദ്യുതിയില്ലാത്തവർ, ശൗചാലയമില്ലാത്തവർ എന്നിങ്ങനെ 17 ഇനങ്ങളായി തിരിച്ച് മാർക്ക് നൽകിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്. കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ മാത്രമേ മുൻഗണനാ കാർഡിന് പരിഗണിക്കാവൂയെന്ന് ആദ്യം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തിൽനിന്നുള്ള ബിപിഎൽ സർട്ടിഫിക്കറ്റ് ഇല്ലാതെ ഓൺലൈനായി അപേക്ഷിച്ചവരുടെയെല്ലാം അപേക്ഷ തിരിച്ചയയ്ക്കുകയും ചെയ്തു.
അപേക്ഷകരുടെ എണ്ണം കുറവാണെന്നു പറഞ്ഞ് ഒടുവിൽ ബിപിഎൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും പൂജ്യം മാർക്ക് ലഭിച്ചവരെയും മുൻഗണനാ കാർഡിലേക്ക് മാറ്റാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അപേക്ഷിച്ച 43449 കുടുംബങ്ങൾക്ക് കാർഡുകൾ നൽകുന്നതിനുള്ള ജോലികൾ 83 താലൂക്ക് സപ്ലൈ ഓഫീസുകളിൽ തകൃതിയായി നടക്കുകയാണിപ്പോൾ. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം ബിപിഎൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അപേക്ഷ തിരിച്ചയച്ച വിവരം എസ്എംഎസ് മുഖേന ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെടാതിരുന്നവർക്ക്, അർഹരാണെങ്കിലും മുൻഗണനാ കാർഡ് ലഭിക്കാത്ത സാഹചര്യമുണ്ട്.
’ഓപ്പറേഷൻ യെല്ലോ’ എന്ന തീവ്രപരിശോധന വഴി അനർഹർ കൈവശം വെച്ചിരുന്ന 2.94 ലക്ഷം മുൻഗണനാ കാർഡുകൾ നേരത്തേ റദ്ദ് ചെയ്തിരുന്നു. ഇവയിലൂടെ ലഭ്യമായ ഒഴിവുകളിലേക്ക് വിവിധ ഘട്ടങ്ങളായി ഏറ്റവും അർഹരായവർക്ക് കാർഡുകൾ തരംമാറ്റി നൽകാനായിരുന്നു തീരുമാനം. ഇനിയും മുപ്പതിനായിരത്തിലേറെ ഒഴിവുകളുള്ളതിനാൽ ഉടൻതന്നെ കാർഡ് തരംമാറ്റാൻ വീണ്ടും അവസരം നൽകുമെന്നാണ് വിവരം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യമായി ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാനാകും.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
