
Perinthalmanna Radio
Date: 10-08-2025
പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരത്തിന്.
ആദ്യ ഘട്ടമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ, മങ്കട മണ്ഡലം കമ്മിറ്റികൾ ചേർന്ന് 13 ന് അങ്ങാടിപ്പുറത്ത് പ്രതിഷേധ റാലിയും ധർണയും നടത്തും. രാവിലെ 10 ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11 വരെ അങ്ങാടിപ്പുറത്ത് കടകൾ അടച്ച് വ്യാപാരികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.
ഓരാടംപാലം–മാനത്തുമംഗലം ബൈപാസും വൈലോങ്ങര–ഓരാടംപാലം ബൈപാസും യാഥാർഥ്യമാക്കുക, ഹൈവേയിൽ അടയാള ബോർഡുകൾ സ്ഥാപിക്കുക, ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ രാഷ്‌ട്രീയ കകക്ഷികൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകും. അങ്ങാടിപ്പുറത്ത് വ്യാപാര സ്ഥാപനങ്ങൾ ഒന്നൊന്നായി പൂട്ടി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരാടംപാലം–മാനത്തുമംഗലം ബൈപാസിന്റെ തടസ്സങ്ങൾ നീക്കി യാഥാർഥ്യമാക്കാൻ അധികൃതരും രാഷ്‌ട്രീയ കക്ഷികളും തയാറാകണം. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് എല്ലാ വിഭാഗം ആളുകളെയും ദുരിതപൂർണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഹൈവെ റോഡിലെ കുഴികൾ അടയ്‌ക്കാൻ പോലും നടപടിയില്ല.
ഈ സാഹചര്യത്തിലാണ് വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികളായ ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്.മൂസു, ജില്ലാ സെക്രട്ടറി അക്രം ചുണ്ടയിൽ, മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, പി,പി.സെയ്‌തലവി, സി.അബ്‌ദുൽ ജബ്ബാർ തുടങ്ങിയവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
