
Perinthalmanna Radio
Date: 09-09-2024
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയയാളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
2022 ജൂലൈ മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് നിലവിൽ പ്രശ്നങ്ങളില്ല.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.
നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നിൽ. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപന ശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
