മേലാറ്റൂര്‍- പുലാമന്തോള്‍ റോഡ് പ്രവൃത്തി; ആദ്യഘട്ടം 10 ദിവസത്തെ കുഴിയടക്കൽ

Share to

Perinthalmanna Radio
Date: 10-10-2024

പെരിന്തല്‍മണ്ണ: മേലാറ്റൂർ- പുലാമന്തോള്‍ റോഡില്‍ കുഴിയടക്കല്‍ പ്രവൃത്തി തീരേണ്ടത് ഒക്ടോബർ 18 നകം. പൊതു മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും സെക്രട്ടറി കെ. ബിജുവിന്റെയും സാന്നിധ്യത്തില്‍ എം.എല്‍.എ അടക്കം ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണിത്.

പുലാമന്തോള്‍ പഞ്ചായത്തില്‍ കട്ടുപ്പാറ മുതല്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ കുന്നപ്പള്ളി വരെയാണ് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം സാധ്യമല്ലാത്ത വിധം റോഡ് തകർന്നു കിടക്കുന്നത്. മേലാറ്റൂരില്‍ ഒലിപ്പുഴ പാലം വരെയാണ് റോഡ് കരാർ.

ഒലിപ്പുഴ പാലത്തിനും മേലാറ്റൂർ ടൗണിനുമിടയിലും വേങ്ങൂരിലും കുറേ ഭാഗം കുഴിയടക്കാനുണ്ട്. കുഴിയടക്കല്‍ നടക്കുമ്ബോള്‍ തന്നെ 38 കി.മീ ഭാഗത്ത് ശേഷിക്കുന്ന ഭാഗം റോഡ് ഒന്നാംഘട്ട ടാറിങ് നടക്കണം. ഇതിന് നല്‍കിയ സമയപരിധി നവംബർ 20 ആണ്. ഈ തീയതിക്കകം ശേഷിക്കുന്ന 11 കി.മീ ഭാഗം റബറൈസിങ് പൂർത്തിയാക്കും.

രണ്ടു ഘട്ടമായാണ് റബറൈസിങ് വരിക. കുന്നപ്പള്ളി ഭാഗത്ത് ഒന്നര കി.മീ ഭാഗത്ത് പൈപ്പിടാനുണ്ട്. അതടക്കം അഞ്ചു കി.മീ റോഡാണ് ആ ഭാഗത്ത് ആദ്യഘട്ട റബറൈസിങ് നടത്തുക. ആദ്യ ലയർ റബറൈസിങ് പൂർത്തിയായാല്‍ രണ്ടാമത്തേത് ഉടൻ തുടങ്ങും.

ഡിസംബറിലാണ് രണ്ടാം ലയറിലേക്ക് കടക്കുക. അഴുക്കുചാല്‍ നിർമാണം നേരത്തെ പൂർത്തിയായതാണ്. എട്ടുമാസം കൊണ്ടാണ് റോഡ് പണി പൂർണമായി തീർക്കേണ്ടത്. ഇത്രയും ഭാഗത്ത് മുറിക്കേണ്ട മരങ്ങള്‍ മുറിച്ചു. വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കേണ്ടതും ഇതേ കരാർ കമ്ബനിയാണ്. ആദ്യ പരിഗണന റോഡ് ഗതാഗത യോഗ്യമാക്കാനാണ്. ഒന്നര വർഷം കൊണ്ട് തീർക്കേണ്ട 38 കി.മീ ഭാഗം പ്രവൃത്തി പ്രത്യേകിച്ച്‌ കാരണങ്ങളില്ലാതെ സർക്കാർ നിർദേശങ്ങള്‍ അവഗണിച്ച്‌ കരാർ കമ്ബനി പോയിരുന്നു.

കരാർ റദ്ദാക്കി മറ്റ് കമ്ബനിക്ക് നല്‍കാൻ തീരുമാനിച്ചിരുന്നു. അപ്രകാരം കരാർ കമ്ബനിയെ ടെർമിനേറ്റ് ചെയ്തെങ്കിലും അവസാനം ഒരവസരം കൂടി നല്‍കുകയാണ് ചെയ്തത്. മരാമത്ത് വകുപ്പും കരാറുകാരും ചർച്ച നടത്തിയത് ജനപ്രതിനിധികളുടെ കൂടി യോഗത്തില്‍ അംഗീകരിച്ച്‌ പൊതു തീരുമാനമാക്കുകയായിരുന്നു. ഇതിനകം പൂർത്തിയാക്കിയ ഭാഗത്തെ അപാകതകള്‍ വിജിലൻസ് പരിശോധിക്കുമെന്ന് മരാമത്ത് സെക്രട്ടറി കെ. ബിജു തിങ്കളാഴ്ച ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. അത് ഫലപ്രദമായി നടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *