
Perinthalmanna Radio
Date: 10-11-2022
പെരിന്തൽമണ്ണ: ആഴ്ചയിൽ മൂന്നു തവണ അർധരാത്രി മുതൽ പുലർച്ചെവരെ നീളുന്ന ഡയാലിസിസ്. രാവിലെ അവശത മറന്ന് പഠന കേന്ദ്രത്തിന്റെ മൂന്നാം നിലയിലേക്കുള്ള പടവുകളുടെ കയറ്റം. പരീക്ഷ എഴുതുന്നതിനിടെ തലകറങ്ങി അല്പനേരം കിടക്കേണ്ടിവന്നു. എന്നിട്ടും പഠിക്കണം, പത്താംക്ലാസ് ജയിക്കണം അതുമാത്രമായിരുന്നു സലീനയുടെ സ്വപ്നം. മനക്കരുത്തിന്റെ മാത്രം ബലത്തിൽ പൂർത്തിയാക്കിയ പരീക്ഷയുടെ ഫലം ബുധനാഴ്ച വന്നു. എല്ലാ വിഷയങ്ങളിലും ജയിച്ച് ഉന്നത പഠനത്തിന് യോഗ്യതനേടി.
ഇച്ഛാശക്തിയും കഠിനാധ്വാനവും ചേർന്നാൽ ലക്ഷ്യത്തിലെത്താമെന്നതിന്റെ ഉദാഹരണമാവുകയാണ് ആലിപ്പറമ്പ് ബിടാത്തിയിലെ പാറക്കല്ലിൽ സലീന (33).
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യത പരീക്ഷയിലെ ഒൻപത് വിഷയങ്ങളിൽ രണ്ട് എ പ്ലസ്, ഒരു എ, നാല് ബി പ്ലസ്, ഒരു ബി, ഒരു സി പ്ലസ് എന്നിങ്ങനെ ഗ്രേഡുകളാണ് നേടിയത്. പരീക്ഷാ ദിവസങ്ങളിലൊന്നിൽ പനി ബാധിച്ച സലീന മാതാവ് ഖദീജയോട് ആവശ്യപ്പെട്ടത് തന്നെ ആശുപത്രിയിലാക്കരുതെന്നാണ്. ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടു പോയാൽ അവർ അഡ്മിറ്റ് ചെയ്യുമെന്നും പരീക്ഷ മുടങ്ങുമെന്നുമായിരുന്നു സലീനയുടെ ഭയം. പനി വകവെക്കാതെ പരീക്ഷയെഴുതാനെത്തിയപ്പോൾ തലകറക്കമുണ്ടായി അല്പനേരം കിടക്കേണ്ടി വന്നു. സമയം പോകുമല്ലോയെന്നോർത്ത് വീണ്ടുമെഴുതി പൂർത്തിയാക്കി. മുൻപ് പത്താംക്ലാസ് ജയിക്കാതിരുന്ന സലീനയെ വിവാഹം ചെയ്തയച്ചതിനാൽ തുടർപഠനമുണ്ടായില്ല. തുല്യതാപഠനത്തിന് നിർബന്ധിച്ചതും പിന്തുണയേകിയതും മാതാവ് ഖദീജയായിരുന്നു. തൂത ഡി.യു.എച്ച്.എസ്.എസ്സിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മകൾ ഫസ്ന ഷെറിൻ, ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ സുൽത്താൻ എന്നിവരും സലീനയ്ക്കൊപ്പമുണ്ട്. പെരിന്തൽമണ്ണ ബ്ലോക്ക് സാക്ഷരതാമിഷന് കീഴിലായിരുന്നു പഠനം.
ഒൻപത് വർഷമായി വൃക്കരോഗമുണ്ട് സലീനയ്ക്ക്. ആറു മാസമായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നു. രക്തക്കുറവുള്ളതിനാൽ രണ്ടായിരം രൂപ വിലവരുന്ന കുത്തിവെപ്പെടുക്കണം. ഇതടക്കം ഡയാലിസിസ് ഫീസും കിറ്റും മരുന്നും മറ്റുമായി ആഴ്ചയിൽ പതിനായിരം രൂപയോളം ചെലവുണ്ട്. പേര് പറയാനാഗ്രഹിക്കാത്ത സ്ത്രീ മാസംതോറും അരിയും പല വ്യഞ്ജനങ്ങളും എത്തിക്കും. വൃക്കമാറ്റിവെക്കലല്ലാതെ മാർഗമില്ലെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചില സാമൂഹിക പ്രവർത്തകർ ഇടപെട്ട് സഹായാഭ്യർഥന നടത്തി പണം സ്വരൂപിച്ചുവരുന്നുണ്ട്. വീട് നിർമാണത്തിന് ബാങ്കിൽ നിന്നെടുത്ത 15 ലക്ഷത്തോളം രൂപ വായ്പയിൽ ജപ്തി നോട്ടീസും വന്നിട്ടുണ്ടെന്ന് സലീന പറഞ്ഞു. ഒന്നും തിരിച്ചടയ്ക്കാനായില്ല. എല്ലാം നേരിടുമ്പോഴും സലീന പറയുന്നൂ, തളരരുത്; ഇവിടെ തളർന്നാൽ എവിടെയും പിടിച്ചുനിൽക്കാനാവില്ല.
