അങ്ങാടിപ്പുറത്തെ കുരുക്കിന് ആശ്വാസമായി ഓരാടംപാലം- വലിയവീട്ടിൽ പടി റോഡ് തുറന്നു

Share to


Perinthalmanna Radio
Date: 10-11-2025

അങ്ങാടിപ്പുറം:  തളിക്ഷേത്ര ജംക്‌ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസം കണ്ടെത്തുന്നതിനായി 1.65 കോടി രൂപ ചെലവിൽ നവീകരിച്ച ഓരാടംപാലം– പാറപ്പറമ്പ്– വലിയ വീട്ടിൽപ‌ടി റോഡ് തുറന്നു. ഒരു കോടി രൂപ പഞ്ചായത്തും 65 ലക്ഷം രൂപ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ചാണ് റോഡ് വീതി കൂട്ടി റബറൈസിങ് ന‌ടത്തിയത്. 17 കുടുംബങ്ങൾ റോഡ് വീതികൂട്ടുന്നതിനു ഭൂമി സൗജന്യമായി വിട്ടുനൽകി. വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗവുമായി ജനകീയ ഉത്സവ നിറവിലായിരുന്നു റോഡ‍് ഉദ്ഘാടനം.

മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന കോട്ടയ്ക്കൽ, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഇനി തളി ക്ഷേത്ര ജംക്‌ഷനിലേക്ക് വരാതെ പുതിയ റോഡ് വഴി തിരിഞ്ഞു പോകാനാകും. ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടുന്നതിനൊപ്പം ദൂരവും സമയവും ലാഭിക്കാനാകും. ഇതോടെ തളി ക്ഷേത്ര ജംക്‌ഷനിൽ വലതു ഭാഗത്തേക്ക് വാഹനങ്ങൾ തിരിക്കേണ്ടി വരുന്നതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാകും. മഞ്ഞളാംകുഴി അലി എംഎൽഎ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സയീദ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നജ്‌മ തബ്‌ഷീറ, ബ്ലോക്ക് അംഗം വിൻസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷബീർ കറുമൂക്കിൽ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു, സലീന താണിയൻ, ഫൗസിയ തവളേങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *