
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൻ സ്ഫോടനം. പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടു കാറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം. സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് മെട്രോസ്റ്റേഷന് പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പരിശോധന നടത്താനായി ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
