
Perinthalmanna Radio
Date: 11-01-2026
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് പുറകിലൂടെ ഒഴുകിപ്പോകുന്ന ചെറുപുഴയിൽ മാലിന്യം തള്ളി ജലം മലിനമാക്കിയ സ്ഥലം മഞ്ഞളാംകുഴി അലി എം.എൽ.എ ജനപ്രതിനിധികൾക്കൊപ്പം സന്ദർശിച്ചു. ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും താലൂക്ക് വികസന സമിതി തീരുമാന പ്രകാരം കർമ സമിതി രൂപവത്കരിച്ച് മാലിന്യം തള്ളുന്നത് തടയാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ, ജനപ്രതിനിധി യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ, പോലീസ് അധികാരികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂജാരികൾ പൂജകൾക്ക് ശരീര ശുദ്ധി വരുത്തുവാൻ കുളിക്കുന്നത് ഈ പുഴയിലെ ക്ഷേത്രക്കടവിലാണ്.
പതിവില്ലാത്ത വിധം ഇവിടെ കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും വെള്ളത്തിൽ ദുർഗന്ധവും അനുഭവപ്പെട്ടപ്പോഴാണ് പുഴ നിറയെ മാലിന്യം പരന്നു ഒഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. പൂരം നാളുകളിൽ ഭഗവതിയുടെ നീരാട്ട് നടത്തുന്നതും ഈ കടവിലാണ്. ഈ കടവ് നവീകരിക്കാൻ സാധ്യമായ ഇടപെടൽ ഉണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വൈസ് പ്രസിഡന്റ് മുബീന തസ്നി, ബ്ലോക്ക് മെമ്പർ ധന്യ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും സ്ഥലത്തെത്തി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
