
Perinthalmanna Radio
Date: 11-02-2025
ആലിപ്പറമ്പ് : തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്നത് അവസാനഘട്ടത്തിൽ. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 327 കോടി രൂപ ചെലവിലാണ് പാത നവീകരിക്കുന്നത്. 37 കിലോമീറ്റർ ദൂരമുള്ള റോഡിന് 16 മീറ്റർ വീതിയുണ്ട്. മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിച്ച് രണ്ടുവശത്തുകൂടി നാലുവരി ഗതാഗത സൗകര്യമാണ് നിലവിൽ വരുന്നത്.
വലിയ വളവുകളും കയറ്റങ്ങളും കുറച്ചിട്ടുണ്ട്. അവസാന റീച്ചുകളായ തിരുവാഴിയോട്, തൂത ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മാത്രമാണ് നിർമാണം പൂർത്തിയാകാനുള്ളത്. ഇവിടങ്ങളിൽ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. റോഡ് നവീകരണ പദ്ധതിയിലുൾപ്പെടുത്തി വീതികുറവായ തൂതപ്പാലത്തിന് സമാന്തരമായി പത്ത് മീറ്റർ വീതിയിൽ പുതിയ പാലത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്. പുതിയ പാലത്തിന്റെ പണി പൂർത്തിയായാൽ നിലവിലെ പാലം പൊളിച്ച് അതേ സ്ഥാനത്ത് പത്ത് മീറ്റർ വീതിയിൽ പുതിയ പാലവും നിർമിക്കുന്നതോടെ പാലത്തിലെ ഗതാഗതകുരുക്കിനും പരിഹാരമാകും.
എന്നാൽ റോഡ് പൂർണമായി പ്രയോജനപ്പെടമെങ്കിൽതൂത മുതൽ കോഴിക്കോട്-പാലക്കാട് ദേശീയ പാതയുമായി ചേരുന്ന പെരിന്തൽമണ്ണ വരെ നാലുവരിയായി നവീകരിക്കണം. 12 കിലോമീറ്റർ ദൂരമുള്ള റോഡ് ഏഴുമീറ്റർ വീതിയിലാണ് ടാർ ചെയ്തിട്ടുള്ളത്. വലിയ വാഹനങ്ങൾ എതിരേ വരുന്ന വലിയ വാഹനങ്ങൾക്ക് വശംകൊടുക്കുവാൻ കഷ്ടിച്ചാണ് വീതിയുള്ളത്.
തൂത, പാറൽ, പൊന്നുള്ളി, പള്ളിപ്പടി, കൃഷ്ണപ്പടി, വിളക്കത്രവളവ്, ഒലിങ്കര വളവ് തുടങ്ങിയ അപകടസാധ്യതയേറിയ വൻ വളവുകളും വാഹനങ്ങൾക്ക് ഭീഷണിയാണ്. ഈ വളവുകളിലുണ്ടായ അപകടങ്ങളിൽ നിരവധിപേർക്ക് പരിക്കേൽക്കുന്നതിനും ജീവഹാനിക്കും കാരണമായിട്ടുണ്ട്. വളവുകൾ പരമാവധി ഇല്ലാതാക്കി നാലുവരി പാതയാക്കിയാൽ മാത്രമേ പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട്ടേക്കള്ള എളുപ്പവഴി പ്രയോജനപ്പെടുകയുള്ളൂ. പെരിന്തൽമണ്ണയിൽനിന്ന് മണ്ണാർക്കാട് വഴി പാലക്കാട്ടേക്ക് 66 കിലോമീറ്ററാണ് ദൂരം. തൂത ചെർപ്പുളശ്ശേരി വഴി 58 കിലോമീറ്ററും.
എട്ടു കിലോമീറ്ററിന്റെ കുറവും മണ്ണാർക്കാട് ടൗൺ, നൊട്ടമല ചുരം എന്നിവിടങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെയുണ്ടാകുന്ന സമയലാഭവും തൂത ചെർപ്പുളശ്ശേരി വഴി ലഭിക്കും. തൂത-മുണ്ടൂർ പാത നവീകരണത്തിന് സർക്കാർ സ്ഥലം ഏറ്റെടുത്തിട്ടില്ല. റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചാണ് നാലുവരി പാതയൊരുക്കിയത്. തൂത മുതൽ പെരിന്തൽമണ്ണ വരെയുള്ള മിക്കയിടങ്ങളിലും നാലുവരിയാക്കുന്നതിനാവശ്യമായ സ്ഥലം ഉണ്ട്. നിലവിൽ നാലുവരിയായി നവീകരിക്കുന്നതിന് നടപടികളില്ലെന്നാണ് അറിയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
