
Perinthalmanna Radio
Date: 11-03-2025
മേലാറ്റൂർ: പഞ്ചായത്ത് ഹരിത കർമ സേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. അരലക്ഷത്തോളം രൂപയും ഓഫിസ് രേഖകളും ഫർണിച്ചറും പൂർണമായി കത്തിച്ചാമ്പലായി. ആർക്കും പരുക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മേലാറ്റൂർ പഞ്ചായത്ത് മിനിസ്‌റ്റേഡിയത്തിനു സമീപമുള്ള എംസിഎഫിൽ തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. 23 ഹരിത കർമസേനകളാണ് എംസിഎഫിൽ ജോലി ചെയ്യുന്നത്. ഇതിൽ പതിവായി പത്തോളം പേർ ഷെഡിലുണ്ടാകാറുണ്ട്. തീപിടിത്ത സമയത്ത് എല്ലാവരും വിവിധ വാർഡുകളിലായതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ട്.
തീപിടിച്ച ഉടനെ മേലാറ്റൂർ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത രീതിയിൽ തീ ആളിപ്പടർന്നിരുന്നു. 3.10ന് പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫിസർ സി.ബാബുരാജിന്റെയും സീനിയർ ഓഫിസർ കെ.സജിത്തിന്റെയും നേതൃത്വത്തിൽ 2 യൂണിറ്റ് എൻജിൻ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. തുടർന്ന് മഞ്ചേരി, തിരുവാലി ഫയർ സ്റ്റേഷനുകളിൽനിന്ന് ഓരോ യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി. മുപ്പതോളം അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസ് ഡിഫൻസ് വൊളന്റിയർമാരും ചേർന്നുള്ള പരിശ്രമത്തിൽ വൈകിട്ട് ആറരയോടെയാണ് പൂർണമായും തീ അണയ്ക്കാനായത്. ഹരിത കർമസേന രണ്ടു ദിവസങ്ങളിലായി 3 വാർഡുകളിലെ വീടുകളിൽനിന്നും കടകളിൽനിന്നും പിരിച്ച യൂസർഫീ ഇനത്തിലുള്ള സംഖ്യയാണു നഷ്ടപ്പെട്ടത്. ഇന്നലെ മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലാ ഹരിത കർമസേനാഗംങ്ങളും വിവിധ വാർഡുകളിൽ പ്രവർത്തിക്കുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
