
Perinthalmanna Radio
Date: 11-04-2025
മലപ്പുറം ∙ വേനൽ മഴയുടെ പൂ ചോദിച്ച ജില്ലയ്ക്ക് ഇത്തവണ ലഭിച്ചതു മഴയുടെ പൂക്കാലം. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ച മഴയുടെ അളവ് 101.3 മി.മീറ്ററാണ്. സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 41.3 മി.മീറ്റർ മഴയാണ്. 145% അധിക മഴയാണു ജില്ലയിൽ വേനൽക്കാലത്തു പെയ്തത്. മഴക്കാലം തുടങ്ങുന്നതുവരെ, ആശ്വാസമായി വേനൽമഴയുമുണ്ടാകുമെന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
മഴക്കാലം നേരത്തേയെത്തും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ലഭിക്കുന്ന മഴ അതിന്റെ ഭാഗമല്ല. മഴയ്ക്കു പ്രതികൂലമായ ഘടകങ്ങളൊന്നുമില്ലാത്തതിനാലാണു പതിവിൽ കൂടുതലായി വേനൽമഴ ലഭിക്കുന്നതെന്നു കാലാവസ്ഥാ വിദഗ്ധൻ ശരത് പറഞ്ഞു.
ഏപ്രിലിലും മേയ് ആദ്യ പകുതിയിലും ഇതേ രീതിയിൽ മഴ ലഭിക്കും. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനംകൂടി വരുന്നതോടെ മേയ് പകുതിയോടെ മഴയുടെ ശക്തി കൂടും. ജൂണിനു മുൻപേ ഇത്തവണ മഴക്കാലമെത്താനും സാധ്യതയുണ്ട്.
ആശ്വാസം, ആഹ്ലാദം
വേനൽമഴ തരക്കേടില്ലാതെ ലഭിച്ചതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണു ജില്ല. വേനൽമഴ കനിഞ്ഞില്ലെങ്കിൽ രൂക്ഷമായ വരൾച്ചയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഫെബ്രുവരിയിൽ തന്നെ ജലാശയങ്ങൾ വറ്റിയത് ആശങ്കയുടെ ആക്കം കൂട്ടി.
മാർച്ചിനു മുൻപേ കനത്ത ചൂടു തുടങ്ങിയതും വരൾച്ചയുടെ സാധ്യത വർധിപ്പിച്ചു. എന്നാൽ, മാർച്ച് പകുതിയോടെ വേനൽമഴ ലഭിച്ചു തുടങ്ങിയതിനാൽ കടുത്ത വരൾച്ചയുണ്ടാകില്ലെന്നാണു നിഗമനം.
മഴക്കാലത്ത് സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.
*കൃഷിക്കാരും ഹാപ്പി*
ഫെബ്രുവരിയിൽതന്നെ കടുത്ത ചൂട് തുടങ്ങിയതിനാൽ കർഷകർ വലിയ ആശങ്കയിലായിരുന്നു.
കമുകും തെങ്ങും പച്ചക്കറിയും വാഴക്കൃഷിയുമെല്ലാം കർഷകർ നനച്ചുതുടങ്ങിയിരുന്നു.
മഴക്കാലം തുടങ്ങുന്ന ജൂൺ വര നന തുടരേണ്ടിവരുമോയെന്നു ശങ്കിച്ചു നിൽക്കുന്നതിനിടെയാണ് ആശ്വാസമായി മഴയെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
