
Perinthalmanna Radio
Date: 11-05-2025
ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കുകളെക്കാൾ പലമടങ്ങ് വലുതെന്ന് റിപ്പോർട്ട്. സിവിൽ രജിസ്‌ട്രേഷൻ സംവിധാനം (സിആർഎസ്) പുറത്തു വിട്ട വൈറ്റൽ സ്റ്റാറ്റിസ്റ്റിക് റിപ്പോർട്ട് പ്രകാരമാണിത്. 2019-നെ അപേക്ഷിച്ച്, ജനസംഖ്യാ വർധനവിന് ആനുപാതികമായ വർധന ഒഴിവാക്കിയാലും 2021-ൽ 19.7 ലക്ഷത്തോളം അധിക മരണങ്ങൾ റിപ്പോർട്ടു ചെയ്തതായി കണ്ടെത്തി. ഈ അധിക മരണങ്ങളെല്ലാം കോവിഡ് കാരണമുണ്ടായതല്ലെങ്കിലും ഔദ്യോഗിക കോവിഡ് മരണ സംഖ്യയായ 3.3 ലക്ഷത്തിനെക്കാൾ ആറുമടങ്ങോളം കൂടുതലാണിത്.
ഗുജറാത്തിലാണ് മരണസംഖ്യയിൽ ഏറ്റവും വലിയ വ്യത്യാസമുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 5800 പേരാണ് 2021-ൽ ഗുജറാത്തിൽ കോവിഡ് കാരണം മരണപ്പെട്ടത്. സിആർഎസ് റിപ്പോർട്ട് പ്രകാരം 2021-ൽ ഏകദേശം രണ്ടുലക്ഷത്തോളം അധികമരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മധ്യപ്രദേശ് (18 മടങ്ങ്), പശ്ചിമബംഗാൾ (15 മടങ്ങ്), ബിഹാർ, രാജസ്ഥാൻ, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കണക്കുകളിൽ വലിയവ്യത്യാസമുണ്ട്. 2019-ലെയും 2021-ലെയും സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റത്തിലെ മരണനിരക്കുകളെ സിആർഎസ് റിപ്പോർട്ടുമായി താരതമ്യംചെയ്താണ് ഔദ്യോഗിക കണക്കും അധികമരണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയത്. കണക്കുകൾ തമ്മിൽ ഏറ്റവും ചെറിയ വ്യത്യാസം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളിലെ മരണസംഖ്യയിൽ 1.3 മുതൽ 1.5 മടങ്ങുവരെ വ്യത്യാസമുണ്ട്.
ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ടു പ്രകാരം 2021-ലെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് (17.3 ശതമാനം) കോവിഡിനുള്ളത്. ഇതുപ്രകാരം കണക്കാക്കിയാലും ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിനെക്കാൾ 4.1 ലക്ഷം കൂടുതലാണ്. ഇന്ത്യയുടെ കോവിഡ് മരണങ്ങളുടെ ഔദ്യോഗികകണക്ക് യഥാർഥ മരണസംഖ്യയുടെ ഒരുഭാഗം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ള സംഘടനകൾ ആരോപിച്ചിരുന്നു. അന്ന് സർക്കാർ ഇക്കാര്യം നിഷേധിച്ചിരുന്നു.
2021-ൽ ഇന്ത്യയിലെ മരണങ്ങൾ (ലക്ഷത്തിൽ)
▪️പകർച്ചവ്യാധിയുടെ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങൾ – 3.31
▪️അധിക മരണങ്ങളെക്കുറിച്ചുള്ള ഡബ്ല്യുഎച്ച്ഒയുടെ കണക്ക് – 39.11
▪️സിആർഎസ്, എസ്ആർഎസ് എന്നിവ അടിസ്ഥാനമാക്കിയുള്ള അധിക മരണങ്ങളുടെ ഏകദേശ കണക്ക് – 19.7
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ