
Perinthalmanna Radio
Date: 11-06-2024
പെരിന്തൽമണ്ണ: മികച്ച രണ്ടാമത്തെ നഗരസഭയ്‌ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് പെരിന്തൽമണ്ണ നഗരസഭയെ തേടിയെത്തിയത് കാര്യക്ഷമവും കുറ്റമറ്റതുമായ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക്.
ജല, വായു മലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജസംരംക്ഷണത്തിനും ജല സംരക്ഷണത്തിനും നടപ്പാക്കിയ പദ്ധതികൾ, സാമൂഹിക പ്രതിബദ്ധതയോടെ ഉള്ള പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് പരിഗണിച്ചത്.
പെരിന്തൽമണ്ണ നഗരസഭയിൽ എൺപതോളം ഹരിത കർമസേനാംഗങ്ങളാണ് മാലിന്യ ശേഖരണ–സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്നത്. ജൈവമാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നഗരസഭയാണ് പെരിന്തൽമണ്ണ. പ്രതിദിനം 2000 കിലോഗ്രാം മാലിന്യം വൈദ്യുതിയാക്കി മാറ്റാനുള്ള ബയോശക്തി പ്ലാന്റ് ഇവിടെയുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റിലെ വെയിങ് മെഷീൻ ഉൾപ്പെടെ പ്രവർത്തിക്കുന്നത് ഈ വൈദ്യുതി ഉപയോഗിച്ചാണ്. മാലിന്യ സംസ്‌കരണം, വാതിൽപടി സേവനം, മനുഷ്യസഹായമില്ലാതെ മാലിന്യം കെട്ടുകളാക്കുന്ന മെഷീൻ, മാലിന്യം ക്ലീൻ ചെയ്യാനുള്ള ഡീ ഡെസ്‌റ്റർ, പുനരുപയോഗമില്ലാത്ത മാലിന്യങ്ങൾ പൊടിക്കാനുള്ള യന്ത്രങ്ങൾ, മാലിന്യം വേർതിരിക്കാനുള്ള സെമി മെക്കാനിക്കൽ യന്ത്രങ്ങൾ തുടങ്ങിയ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
പ്രതിദിനം 4 ടൺ അജൈവ മാലിന്യങ്ങളാണ് നഗരത്തിൽ ശേഖരിക്കപ്പെടുന്നത്. ജൈവമാലിന്യം കംപോസ്‌റ്റ് ആക്കി മാറ്റുന്നതിന് വിപുലമായ സൗകര്യമുണ്ട്. പ്ലാന്റിൽ നിരീക്ഷണ ക്യാമറകളും സജ്ജമാക്കി. മാലിന്യം അളന്ന് തിട്ടപ്പെടുത്താനുള്ള വെയ്ബ്രിജ് സജ്ജമാക്കി. ബയോപാർക്ക് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ശുചിമുറി മാലിന്യം ശുചീകരിക്കുന്നതിനുള്ള പ്ലാന്റിനും നടപടിയായി.
എരവിമംഗലത്തെ പ്രകൃതിസൗഹൃദ പച്ചത്തുരുത്തും ബ്യൂട്ടി സ്‌പോട്ടുകളും ബൈപാസ് റോഡിലെ വോക്ക്‌വേയും പ്രകൃതിസൗഹൃദ ശ്‌മശാനവുമെല്ലാം ശ്രദ്ധേയം. കഴിഞ്ഞ സാമ്പത്തിക വർഷം 1.5 കോടിയിലേറെ രൂപ യൂസർഫീ ഇനത്തിൽ ഹരിത കർമസേനാംഗങ്ങൾക്കു ലഭിച്ചു. നഗരത്തിലെ മുഴുവൻ വീടുകളും വ്യാപാര സ്ഥാപനങ്ങളും അജൈവ മാലിന്യം കൈമാറി യൂസർഫീ നൽകുന്നുണ്ട്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇന്നു വൈകിട്ട് അഞ്ചിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് നഗരസഭാ ചെയർമാൻ പി.ഷാജി, സെക്രട്ടറി ജി.മിത്രൻ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
