
Perinthalmanna Radio
Date: 11-08-2024
പെരിന്തൽമണ്ണ: കോഴിവില കുറഞ്ഞപ്പോൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ആഹ്ലാദം; കോഴിഫാം നടത്തുന്നവർക്കു നഷ്ടത്തിന്റെ കണ്ണീർ. കോഴിയുടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കുറവിനു കാരണം ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാമുകൾ തമ്മിലുള്ള കിടമത്സരമാണ്. ജില്ലയിലെ ഫാമുകളിലേക്കു വലിയ തോതിൽ കോഴിക്കുഞ്ഞുങ്ങളെത്തുന്നതു തമിഴ്നാട്ടിൽനിന്നാണ്. ജില്ലയിലെ ഫാമുകളിലെല്ലാം വലിയ തോതിൽ, വളർച്ചയെത്തിയ കോഴികളെ സംഭരിച്ചിട്ടുള്ള സമയമാണ് ഇത്. തമിഴ്നാട്ടിൽനിന്ന് ഇറച്ചിക്കോഴികളുടെ വരവു കുറഞ്ഞ സമയത്താണു വലിയ തോതിലുള്ള വിലകുറയ്ക്കൽ.
കേരളത്തിലെ ഫാമുകൾക്കെതിരെയുള്ള തമിഴ്നാട് ലോബിയുടെ നീക്കത്തിന്റെ ഭാഗമാണു വിലകുറയ്ക്കലെന്നു കോഴി ഫാം നടത്തിപ്പുകാർ പറയുന്നു. കോഴികളെ നിശ്ചിത സമയപരിധിവരെ മാത്രമേ ഫാമുകളിൽ നിർത്താനാകൂ. അതുകൊണ്ടുതന്നെ വിലകുറഞ്ഞാലും കൂടിയാലും വിറ്റൊഴിവാക്കുകയേ കർഷകർക്കു മാർഗമുള്ളൂ. കോഴിവില നിർണയത്തിൽ വലിയ പങ്കു വഹിക്കുന്നതു തമിഴ്നാട് ബ്രോയ്ലർ കോഓർഡിനേഷൻ കമ്മിറ്റി (ബിസിസി) ആണ്.
വിപണിയിൽ വലിയ വിലക്കുറവു ദൃശ്യമായത് അടുത്ത ദിവസങ്ങളിലാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയോളമായി ഫാമുകളിൽ കോഴിക്കു വിലക്കുറവുണ്ടെന്നു കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റല്ലൂർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയോളമായി കിലോഗ്രാമിന് 55 മുതൽ 65 വരെ രൂപയ്ക്കാണു ജില്ലയിലെ ഫാമുകളിൽനിന്നു കോഴികളെ നൽകുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവാണ് ഇത്. എന്നാൽ ഉപഭോക്താക്കൾക്കു വിലക്കുറവിന്റെ ഗുണഫലം കൂടുതലായി ലഭിക്കുന്നില്ലെന്നാണു കോഴിഫാം നടത്തിപ്പുകാർ പറയുന്നത്. പെരിന്തൽമണ്ണയിൽ ഇന്നലെ കോഴിക്കു 100 രൂപയും ഇറച്ചിക്കു 160 രൂപയുമാണു കിലോയ്ക്കു വില. അങ്ങാടിപ്പുറത്തു കോഴിക്കു 94 രൂപയും ഇറച്ചിക്കു 145 രൂപയുമാണ്. പലയിടങ്ങളിലും പ്രാദേശികമായി അതതു മേഖലയിലെ വ്യാപാരികൾ വില നിശ്ചയിച്ചിരിക്കുകയാണ്.
29 രൂപയ്ക്കാണു കർഷകർ കോഴിക്കുഞ്ഞുങ്ങളെ ഇത്തവണ വാങ്ങിയത്. കോഴിത്തീറ്റയും ചികിത്സയും മറ്റു ചെലവുകളും കണക്കാക്കിയാൽ ഒരു കിലോ കോഴിക്ക് 98 രൂപയോളം ചെലവു വരും. നഷ്ടം ഒഴിവാക്കാൻ 100 രൂപയ്ക്കെങ്കിലും നൽകാൻ സാധിക്കണം. എന്നാൽ ഇന്നലെ ഫാമുകളിൽനിന്ന് 62 രൂപയ്ക്കാണ് കോഴികളെ നൽകിയത്. ജില്ലയിൽ ചെറുതും വലുതുമായി ഏകദേശം 25,000 കോഴി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.
ഫാമുകളേറെയുണ്ടെങ്കിലും കോഴിക്കുഞ്ഞുങ്ങളും കോഴിത്തീറ്റയും മരുന്നുകളും എല്ലാം സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തണമെന്നതാണു പ്രതിസന്ധി. കേരള ചിക്കൻ പദ്ധതിയോ സർക്കാരിന്റെ മറ്റു പദ്ധതികളോ കർഷകർക്കു തുണയാകുന്നില്ലെന്നു കർഷകർ പറയുന്നു. കോഴിവളർത്തൽ കൃഷിയിൽ ഉൾപ്പെടുത്തുകയും മറ്റു കർഷകർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ കോഴി ഫാമുകാർക്കും ലഭ്യമാക്കുകയും ചെയ്താലേ പിടിച്ചുനിൽക്കാനാകൂ എന്ന് കർഷകർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
