അങ്ങാടിപ്പുറം മേൽപ്പാലത്തിന് മുകളിലും ദേശീയ പതയിലും വൻ കുഴികൾ

Share to


Perinthalmanna Radio
Date: 11-08-2025

അങ്ങാടിപ്പുറം: മേൽപ്പാലത്തിന് മുകളിൽ പാലം ആരംഭിക്കുന്ന ഇരു ഭാഗങ്ങളിലെ റോഡിലും ദേശീയ പാതയിലും വൻ കുഴികൾ രൂപപ്പെട്ടു. പാലത്തിന്റെയും റോഡിന്റെയും നിലവിലെ അവസ്ഥയിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി.
കഴിഞ്ഞ മാസമാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ് കട്ട പതിക്കുന്നതിനായി രണ്ടാഴ്ചയോളം മേൽപ്പാലം അടച്ചിട്ടത്. മേൽപ്പാലത്തിന് താഴെ വീതി കൂട്ടി കട്ട പതിച്ചു. മേൽപ്പാലത്തിനടിയിലെ ഒരു വശത്തെ റോഡ് അറ്റകുറ്റപ്പണി നടത്തി. അടഞ്ഞ ഓടകൾ തുറന്നു.

പക്ഷേ, പാലം അടച്ചിട്ട് പണി നടക്കുമ്പോഴും പാലത്തിന്റെ തുടക്കഭാഗത്ത് വൻകുഴികൾ ഉണ്ടായിരുന്നു. അന്ന് പാലത്തിനു മുകളിലെ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യങ്ങളുയർന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണുണ്ടായത്. എംസാന്റ് വിതറി താത്‌കാലികമായി അടയ്ക്കുകയാണുണ്ടായത്. പക്ഷേ, കുറച്ച് ദിവസങ്ങൾക്ക് ശേഷം മണൽ ഒലിച്ചുപോയി കുഴികൾ വീണ്ടും പൊന്തുകയും വലിയ കുഴികളായി മാറുകയും ചെയ്തു.

ഇപ്പോൾ മറുഭാഗത്തും പാലം തുടങ്ങുന്നിടത്ത് വലിയ കുഴികളുണ്ട്. കട്ട പതിക്കാൻ വേണ്ടി അടച്ചിട്ടിരുന്നപ്പോൾ മേൽപ്പാലത്തിലെ റോഡടക്കം ടാർ ചെയ്യണമെന്ന് വാഹന ഡ്രൈവർമാരും യാത്രക്കാരും അന്ന് ആവശ്യപ്പെട്ടിരുന്നു.
നിരവധി ബൈക്കുകളാണ് ദിനംപ്രതി റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികൻ കുഴിയിൽ വീണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

പാലത്തിനു മുകളിലെ പല ഭാഗത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടുണ്ട് ഇതു കാരണം പാലത്തിനു മുകളിലൂടെ വാഹനങ്ങളുടെ വേഗം കുറയ്‌ക്കേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് ഇരട്ടിക്കുന്നു. അങ്ങാടിപ്പുറത്ത് വില്ലേജ് ഓഫീസിനു സമീപത്തും അമ്പലപ്പടിക്ക് സമീപവും റോഡ് ഉടനീളം റോഡിൽ പലയിടങ്ങളിലും കുഴികളുണ്ട്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആഴ്ചകൾ പണിയെടുത്തിട്ടും മേൽപ്പാലത്തിനു മുകളിലെ കുഴികൾ പൂർണമായും അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധമുണ്ട്.

ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം റോഡിലെ കുഴികളാണ്. അറ്റകുറ്റപ്പണിക്കായി ഫണ്ട് ലഭിച്ചിട്ടുണ്ട്. മഴ മാറിയാൽ പണി തുടങ്ങുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *