
Perinthalmanna Radio
Date: 11-10-2024
പെരിന്തൽമണ്ണ : അൻപതിലേറെ കവർച്ചക്കേസുകളിലെ പ്രതി തൃശൂർ അണ്ടത്തോട് സ്വദേശി തോട്ടുങ്ങൽ സജീറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ ചെറുതും വലുതുമായ, ആൾത്താമസമില്ലാത്ത വീടുകളിൽ നടന്ന മോഷണക്കേസുകൾ അന്വേഷിക്കുന്ന സംഘമാണു സജീറിനെ പടപ്പറമ്പിൽനിന്നു പിടികൂടിയത്.
2022ൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവന്ന സജീർ ഗുരുവായൂർ, പട്ടാമ്പി, കൊപ്പം, ആലത്തൂർപടി, പടപ്പറമ്പ് എന്നിവിടങ്ങളിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പടപ്പറമ്പിലെ താമസസ്ഥലത്തിനു സമീപത്തു നിന്നാണ് സജീറിനെ കസ്റ്റഡിയിലെടുത്തത്. ജനുവരി 27ന് പെരിന്തൽമണ്ണ തണ്ണീർപന്തൽ സ്വദേശിയുടെ വീട്ടിൽനിന്നു നാലര പവൻ സ്വർണാഭരണങ്ങളും 5000 രൂപയും മൊബൈൽഫോണും മോഷ്ടിച്ചതടക്കം ജില്ലയ്ക്കകത്തും പുറത്തുമായി അൻപതോളം മോഷണങ്ങൾ നടത്തിയതായി പൊലീസ് പറഞ്ഞു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി പല സ്ഥലങ്ങളിൽ 2022നു ശേഷം ഒളിവിൽ താമസിച്ചിരുന്നു. ആ സമയത്ത് ബൈക്കിൽ കറങ്ങിനടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് അർധരാത്രിയിലാണ് മോഷണം നടത്തിയിരുന്നത്. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ അടുത്ത താമസ സ്ഥലത്തേക്കു മാറുകയായിരുന്നു പതിവ്. ഡിവൈഎസ്പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ സി.ഐ.സുമേഷ് സുധാകരൻ, എസ്.ഐ.ഷാഹുൽ ഹമീദ് സിപിഒ സൽമാൻ, പി.പ്രശാന്ത്, എം.മനോജ്കുമാർ, എൻ.ടി.കൃഷ്ണകുമാർ, കെ.ദിനേഷ്, പ്രഭുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
