
Perinthalmanna Radio
Date: 11-10-2025
അങ്ങാടിപ്പുറം : ഷൊർണൂർ -നിലമ്പൂർ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എഫ്സിഐ റോഡിലൂടെ എത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വാഹന പാർക്കിംഗ് മേഖലയുടെയും മേല്‍പാലത്തിന്‍റെയും പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ഇതിനോടനുബന്ധിച്ച് ലിഫ്റ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. പ്രായമായവരും രോഗികളുമായ യാത്രക്കാരെ ഉദ്ദേശിച്ചാണ് ലിഫ്റ്റ് ഏർപ്പെടുത്തുന്നത്. നിലവില്‍ പാളം മുറിച്ചു കടന്നുവേണം യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ. ക്രോസിംഗ് സ്റ്റേഷൻ ആയതിനാല്‍ മിക്കപ്പോഴും ഇരുവശത്തേക്കും ട്രെയിനുണ്ടാകും. ഇതുമൂലം പാളം മുറിച്ചുകടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും.
ഫൂട്ട് ഓവർ ബ്രിഡ്ജ് പ്രവൃത്തികള്‍ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ പ്രയാസത്തിന് പരിഹാരമാകും. ഇതോടൊപ്പം ഈ ഭാഗത്ത് ടിക്കറ്റ് ബുക്കിംഗിനുള്ള എടിവിഎം സജ്ജമാക്കും. റെയില്‍വേ സ്റ്റേഷനിലെ ട്രോളി പാത്തും നവീകരിക്കുവാനും പദ്ധതിയുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്ന അമൃത് ഭാരത് പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്പായി ലിഫ്റ്റും വാഹന പാർക്കിംഗ് മേഖലയും പൂർത്തിയാക്കാനാണ് ലക്ഷ്യം.
അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.759 കോടിയുടെ നവീകരണ പ്രവൃത്തികളാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്നത്. റെയില്‍വേ സ്റ്റേഷൻ വിപുലീകരണം, സ്റ്റേഷനടുത്ത് വിശാലമായ പാർക്കിംഗ് ഏരിയ, പ്ലാറ്റ് ഫോം നവീകരണം,
അങ്ങാടിപ്പുറം ഭാഗത്ത് നിന്നുള്ള വിപുലമായ അപ്രോച്ച് റോഡ്, സ്റ്റേഷൻ വൈദ്യുതീകരണവും സിഗ്നല്‍ സംവിധാനവുമെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം എഫ്സിഐ റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല. സ്റ്റേഷനില്‍ എത്തുന്ന 90 ശതമാനം യാത്രക്കാരും ഈ റോഡിലൂടെയാണ് എത്തിപ്പെടുന്നത്.
വാഹനങ്ങളില്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നുവരുന്ന യാത്രക്കാർ അങ്ങാടിപ്പുറം മേല്‍പ്പാലം കടന്ന് തരകൻ ഹയർസെക്കൻഡറി സ്കൂളിന്‍റെ അരികിലൂടെയുള്ള റോഡ് വഴി വേണം സ്റ്റേഷനിലെത്താൻ. മേല്‍പാലത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണെങ്കില്‍ യഥാസമയത്ത് സ്റ്റേഷനില്‍ എത്താൻ കഴിയാതെവരും.
ഈ അവസ്ഥയില്‍ പുതിയ സംവിധാനങ്ങളും ഗുഡ്ഷെഡ് റോഡ് (എഫ്സിഐ റോഡ് ) ഉള്‍പ്പെടെ പ്രതീക്ഷയോടെയാണ് യാത്രക്കാർ കാണുന്നത്.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
