പട്ടിക്കാട് മുതൽ ഒറവംപുറം പാലം വരെ റോഡിന് വീതിയില്ലാത്തത് അപകട ഭീഷണിയാകുന്നു

Share to


Perinthalmanna Radio
Date: 11-11-2025

പട്ടിക്കാട് : ബസും കാറും ലോറിയും കടന്നു പോകുമ്പോൾ കണ്ടു നിൽക്കുന്നവർക്ക് പേടിതോന്നും. റോഡരികിലൂടെ നടന്നു പോകുന്നവർക്ക് ഉള്ളിൽ ഒരാളലും. ഇതാണ് പട്ടിക്കാട്-വടപുറം സംസ്ഥാനപാതയിലെ ഒറവംപുറം പാലം മുതൽ പാട്ടിക്കാട് വരെയുള്ള യാത്രികരുടെ അവസ്ഥ.

സംസ്ഥാന സർക്കാരിനു കീഴിലുള്ള റോഡിൽ മിക്കയിടത്തും ആവശ്യത്തിന് വീതിയില്ല. ഒറവംപുറം പാലം മുതൽ പട്ടിക്കാട് വരെ എട്ടു കിലോമീറ്ററോളമാണ് ദൂരം. ഏഴുമീറ്റർ വീതി വേണ്ടിടത്ത് ആറു മീറ്ററിനടുത്തുമാത്രമാണ് മിക്കയിടങ്ങളിലും റോഡിന്റെ വീതി. വയലുകൾക്കും പറമ്പുകൾക്കും നടുവിലൂടെയുള്ള റോഡിൽ വീർപ്പുമുട്ടിയാണ് സഞ്ചാരം.

റോഡിന്റെ സ്ഥലം സ്വകാര്യവ്യക്തികൾ അനധികൃതമായി കൈയേറിയതും വീടുകൾ, കടകൾ തുടങ്ങിയവ കയറ്റിനിർമിച്ചതുമാണ് ഈ സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുള്ള നാലുകിലോമീറ്റർ ദൂരം റബ്ബറൈസ് ചെയ്തിരുന്നു. ഇതിനാണെങ്കിൽ അഞ്ചരമീറ്റർ വീതിയാണുള്ളത്. സാധാരണ നിരപ്പിൽനിന്ന് ഉയർന്നുള്ള റോഡായതിനാൽ വശങ്ങളിൽ താഴ്‌ചയാണ്. വളവുകളും സുരക്ഷയില്ലാത്ത കലുങ്കുകളുമുണ്ടാക്കുന്ന അപകടങ്ങളുമുണ്ട്.

ഊട്ടി, നിലമ്പൂർ ഭാഗത്തേക്കും പെരിന്തൽമണ്ണ, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ മറുഭാഗത്തേക്കും ആയിരക്കണക്കിനാളുകൾ യാത്രയ്ക്കായി ആശ്രയിക്കുന്ന പാതയാണിത്. ആശുപത്രിനഗരമായ പെരിന്തൽമണ്ണയിലേക്ക് നൂറുകണക്കിനു വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി ലോറികളുടെ ഇഷ്ടറൂട്ടുമാണിത്. വീതിയില്ലാത്തതിനാൽ മിക്കവാറും ദിവസങ്ങളിൽ രാവിലെയും വൈകീട്ടും ഈ പാതയിൽ ഗതാഗതക്കുരുക്കും പതിവാണ്.
വാഹനപ്പെരുപ്പം കൂടിവന്നപ്പോഴാണ് ഈ റൂട്ടിലെ യാത്രക്കാർ ബുദ്ധിമുട്ടിത്തുടങ്ങിയത്.
ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ മിക്ക വാഹനങ്ങളും ഓവർടേക്ക്ചെയ്തു കയറും. റോഡ് വീതി കുറവായതിനാൽ എതിരേവരുന്ന വാഹനങ്ങൾ കാണില്ല.
ഇതും വളവുകളും അപകടങ്ങൾക്കു വഴിയൊരുക്കിയപ്പോഴാണ് തച്ചിങ്ങനാടത്തെ പൊതുപ്രവർത്തകൻ കെ. അബൂസാലി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതികൂട്ടമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പിനും മന്ത്രിക്കും അപേക്ഷ നൽകിയത്.

മഞ്ചേരി എക്സിക്യുട്ടീവ് എൻജിനിയർ, മേലാറ്റൂർ അസി. എൻജിനിയർ എന്നിവർക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന മറുപടി കിട്ടി.
നടപടിയൊന്നും ഉണ്ടാകാതിരുന്നപ്പോൾ നവകേരളസദസ്സിലും പരാതിപ്പെട്ടു. റൂട്ടിൽ 2022-ലും 2023-ലുമായി നാലുപേർക്ക് വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞു. ഇതോടെ നാട്ടുകാരും പരിഹാരത്തിനായി രംഗത്തെത്തി. സർക്കാരിന്റെ കരുതലും കൈത്താങ്ങും പരിപാടിയിലും തുടർന്ന് ഈവർഷമാദ്യം ഹൈക്കോടതിയിലും പരാതി സമർപ്പിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തിഅനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റിപ്പോർട്ട്ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് റോഡിനോടുചേർന്ന സ്ഥലങ്ങൾ സർവേ നടത്തി റോഡരികിൽ കുറ്റിയടിച്ചിട്ടുണ്ട്. ആദ്യത്തെ പ്രൊപ്പോസൽ പ്രകാരം അഞ്ചരമീറ്റർ വീതിയിലാണ്‌ റബ്ബറൈസ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്ന് മേലാറ്റൂർ പിഡബ്ല്യുഡി റോഡ് വിഭാഗം അസി. എൻജിനിയർ പറഞ്ഞു. റോഡ് വീതി കൂട്ടുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിനു മുൻപിലുണ്ട്.

അനുമതി കിട്ടിയാൽ പണി തുടങ്ങും. പട്ടിക്കാട്- ആക്കപ്പറമ്പ് വരെയുള്ള റോഡിന്റെ കൈയേറ്റസ്ഥലത്തിന്റെ സർവേ റിപ്പോർട്ട് കിട്ടി. ആക്കപ്പറമ്പ് മുതൽ ഒറവംപുറം വരെയുള്ളത് ലഭിക്കാനുണ്ട്. ഈ വിവരങ്ങൾകൂടി കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

നാട്ടുകാരുടെ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ കത്തിൽ കളക്ടർ സർവേ നടത്താൻ ഉത്തരവിട്ടിരുന്നു. അതു പ്രകാരം സർവേ നടത്തി അതിർത്തികൾ അടയാളപ്പെടുത്തി.

പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *