
Perinthalmanna Radio
Date: 11-12-2023
അങ്ങാടിപ്പുറം : ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് റോഡിലൂടെ മലിനജലം ഒഴുകി ദുർഗന്ധവും ദുരിതവും. മലിന വെള്ളത്തിൽ ചവിട്ടാതെ ഇതുവഴി റോഡിലൂടെ നടക്കാനാവില്ല. റോഡ് മുഴുവൻ പരന്ന് ഒഴുകുകയാണ് ഏറെ ദുർഗന്ധമുള്ള വെള്ളം. മേൽപ്പാലം ഇറങ്ങുന്നിടത്ത് അൽപ്പാക്കുളത്തിനു സമീപമുള്ള ഓടയിലെ മലിനജലമാണ് ഓട നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഹോട്ടലുകളിലെ മലിനജലം ഒഴുകുന്നത് ഈ ഓടയിലൂടെയാണ്.
മീറ്ററുകളോളം ഒഴുകി മേൽപ്പാലത്തിന്റെ താഴെ വശത്തുള്ള റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു. ഈ റോഡിലൂടെയാണ് സ്കൂളിലേക്കും പാലത്തിനു താഴെയുള്ള ക്ലിനിക്കിലേക്കും പോകുന്നത്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമായ റിച്ചിന്റെ മുൻവശത്താണ് വെള്ളം കെട്ടി നിൽക്കുന്നത്.
അങ്ങാടിപ്പുറം ടൗണിൽ ജല അതോറ്റിറ്റിയുടെ ജലവിതരണപൈപ്പ് പൊട്ടി സ്ഥിരമായി ശുദ്ധജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ വെള്ളം ഇതേ ഓടയിലാണ് ചേരുന്നത്. ഇതു കാരണം ഓട നിറഞ്ഞതാണ് കാരണമായി പറയുന്നത്.
മുൻപ് ടൗൺ ശുചീകരണത്തിനായി പഞ്ചായത്തിൽ പ്രത്യേക പദ്ധതികളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓടകൾ വൃത്തിയാക്കുകയും ഓടയിലേക്ക് കക്കൂസ് മാലിന്യമടക്കം പുറത്തുവിടുന്നത് പരിശോധിക്കുകയും ചെയ്തിരുന്നു. ഓട വൃത്തിയാക്കൽ നടത്താറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മേൽപ്പാല നിർമാണ സമയത്ത് വെള്ളച്ചാൽ അടഞ്ഞുപോയതാണ്. ഓടയില്ലാത്ത ഈ ഭാഗത്ത് മഴവെള്ളം പാലത്തിനടിയിലെ റോഡിലൂടെ ഒഴുകും. റോഡിലുടനീളം വലിയ കുഴികളുമാണ്.
പൊളിഞ്ഞ റോഡും വെള്ളക്കെട്ടും കാരണം നാട്ടുകാരും ക്ലിനിക്കിലേക്ക് വരുന്നവരും ഏറെ പ്രയാസത്തിലാണ്. അതിനിടയ്ക്ക് മലിനവെള്ളം കൂടി ഒഴുകിയെത്തിയത് അസ്സഹനീയ അവസ്ഥയിലാക്കി. എത്രയും പെട്ടെന്ന് ഓടകൾ വൃത്തിയാക്കി മലിനജലം റോഡിലൂടെ ഒഴുകുന്നത് തടഞ്ഞില്ലെങ്കിൽ ഇതുവഴി കാൽനടയാത്ര ഏറെ ദുഷ്‌കരമായിത്തന്നെ തുടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
