
Perinthalmanna Radio
Date: 12-01-2025
ജനകീയ സദസ്സിന്റെ പേരില്‍ കെ.എസ്.ആർ.ടി.സിയുടെ 1000ത്തോളം റൂട്ടുകള്‍ സ്വകാര്യ മേഖലക്ക് തീറെഴുതാനൊരുങ്ങുന്നു.
കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അവകാശമുള്ള റൂട്ടുകളിലടക്കം സ്വകാര്യ ബസുകള്‍ക്ക് കയറാൻ അവസരം നല്‍കുംവിധത്തിലാണ് ഗതാഗത വകുപ്പിന്റെ കുറുക്കുവഴി നീക്കം. കിലോമീറ്ററില്‍ 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാൻ ഡിപ്പോകള്‍ക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നല്‍കിയിരുന്നു. ഇതോടെ ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹികപ്രതിബന്ധതയുടെ പേരില്‍ നടത്തിയിരുന്ന സർവിസുകളെല്ലാം നിലച്ചു. ഫലത്തില്‍ യാത്രാക്ലേശം രൂക്ഷമായി. ഇതിന്റെ മറവിലാണ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുകയും റൂട്ട് ശിപാർശകള്‍ ജനങ്ങളില്‍നിന്ന് സ്വീകരിക്കുകയും ചെയ്തത്. ഇതില്‍ പലതും കെ.എസ്.ആർ.ടി.സി നേരത്തെ ഓടിയിരുന്നതാണ്.
മറ്റുചിലതാകട്ടെ കെ.എസ്.ആർ.ടി.സിക്ക് ഓടാൻ കഴിയുന്നതായിട്ടും പെർമിറ്റ് തയാറാക്കി സ്വകാര്യ ബസുകള്‍ക്ക് നല്‍കാനാണ് നീക്കം. ജനകീയ സദസ്സില്‍ ഉയർന്ന റൂട്ടുകളല്ല പലയിടങ്ങളിലും പെർമിറ്റായി മാറിയത്. പലറൂട്ടുകള് നിന്നും കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി സ്വകാര്യ ബസുകള്‍ക്ക് നല്കുന്ന നിലയുമുണ്ട്.
ഇതിനോടകം എല്ലാ ജില്ലകളിലും സ്വകാര്യ ബസുകള്‍ക്ക് നല്‍കാനായി റൂട്ടുകളും തയാറായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരെ പങ്കെടുപ്പിച്ച് ജില്ലകളില്‍ യോഗം ചേർന്നിരുന്നു. പുതിയ പെർമിറ്റുകള്‍ വായിച്ചതല്ലാതെ, കെ.എസ്.ആർ.ടി.സിക്ക് ഇതിന്റെ പകർപ്പ് നല്കാൻ അധികൃതർ തയാറായില്ല. കെ.എസ്.ആർ.ടി.സിയില്‍നിന്ന് എതിർപ്പുയരുമെന്നതാണ് റൂട്ട് രഹസ്യമാക്കി വെക്കാൻ കാരണം.
എൻ.എച്ചും എം.സിയുമടക്കം കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളില്‍ അഞ്ച് കിലോമീറ്റർ മാത്രമാണ് സ്വകാര്യ ബസുകള്‍ക്ക് ഓടാൻ അനുവാദമുള്ളത്. കോട്ടയത്ത് ജനകീയ സദസ്സിന്റെ പേരില്‍ തയാറാക്കിയ 92 റൂട്ടുകളിലൊന്ന് കെ.എസ്.ആർ.ടി.സിക്ക് മാത്രം ഓടാൻ അധികാരമുള്ള നോട്ടിഫൈഡ് റൂട്ടില്‍ സ്വകാര്യ ഓപറേറ്റർക്ക് 17 കിലോമീറ്ററില്‍ കൂടുതല്‍ ഓടാൻ അനുവാദം നല്‍കുംവിധത്തിലാണ്.
കെ.എസ്.ആർ.ടി.സി ലാഭകരമായി ഓടിയിരുന്ന ചെയിൻ സർവിസുകളായ കുളത്തൂപ്പുഴ-പുനലൂർ, പുനലൂർ-കായംകുളം റൂട്ടുകളിലടക്കം സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. 2021 വരെ സ്വകാര്യ ബസുകള്‍ക്ക് 100 മീറ്റർ പോലും പ്രവേശനമില്ലാതിരുന്ന ഈ റൂട്ടിലാണ് വരുമാനം കുറഞ്ഞ ബസുകള്‍ കെ.എസ്.ആർ.ടി.സി പിൻവലിച്ച വിടവില്‍ സ്വകാര്യ ബസുകള്‍ കടന്നു കയറിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
