
Perinthalmanna Radio
Date: 12-02-2024
നിലമ്പൂർ: ജില്ലയിലെ ആദ്യത്തെ ജലടൂറിസം കേന്ദ്രമായ ആഢ്യന്‍ പാറയിലെ വെള്ളച്ചാട്ടവും ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഹൈഡല്‍ ടൂറിസവും കാണണമെങ്കില്‍ സന്ദര്‍ശന ടിക്കറ്റിന് 30 രൂപ നല്‍കണം.
10 രൂപയായിരുന്ന ചാര്‍ജാണ് 30 രൂപയായി വര്‍ധിപ്പിച്ചത്. 20 രൂപ ആഢ്യന്‍പാറ ജല ടൂറിസം കേന്ദ്രത്തിനും 10 രൂപ ഹൈഡല്‍ ടൂറിസത്തിനുമാണ് ഈടാക്കുന്നത്. അവധി ദിവസങ്ങളിലുള്‍പ്പെടെ നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും തണുപ്പുള്ള വെള്ളത്തില്‍ കുളിക്കാനുമായി ഇവിടെ എത്തുന്നത്.
ടൂറിസം വകുപ്പിന് കീഴിലാണ് ആഢ്യന്‍പാറ ജല ടൂറിസം കേന്ദ്രമുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വസ്ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യം പോലുമില്ല. ഇതിനായി ഒരുക്കിയിരുന്ന മുറികള്‍ നിലവില്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സ്റ്റോക്ക് റൂമാക്കി മാറ്റിയിരിക്കുകയാണ്. കുളിക്കാന്‍ ഇവിടെ ഒരു ഭാഗത്ത് മാത്രമാണ് വിനോദ സഞ്ചാരികള്‍ക്ക് അനുമതിയുള്ളത്.
അതിനാല്‍ തന്നെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വസ്ത്രങ്ങള്‍ മാറുന്നതിന് സുരക്ഷിതവും വൃത്തിയുമുള്ള അടച്ചുറപ്പുള്ള സംവിധാനം അനിവാര്യമാണ്. മാസം തോറും ലക്ഷക്കണക്കിന് രൂപയാണ് സന്ദര്‍ശന പാസിന്റെ മറവില്‍ ജില്ലാ ടൂറിസം കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇതില്‍ കുറഞ്ഞ ഒരു തുക നീക്കിവച്ചാല്‍ വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കഴിയും.
ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി മഴക്കാലത്തും വേനല്‍ കാലത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാല്‍ രാവിലെയും ഉച്ചക്ക് ശേഷവുമാണ് ഈ ഭാഗത്ത് വെള്ളം ഉണ്ടാവുക. മഴക്കാലത്ത് മാത്രം വൈദ്യുതി ഉത്പാദനം എന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ കടുത്ത വേനലിലും പുഴയിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്.
അതിനാല്‍ നിശ്ചിത സമയങ്ങളിലാണ് വൈദ്യുതനിലയത്തിന് താഴ്ഭാഗത്തേക്കുള്ള കാഞ്ഞിരപ്പുഴയില്‍ വെള്ളം ഉണ്ടാവുക. ടൂറിസം വികസനത്തിന് വിനോദ സഞ്ചാരികളില്‍ നിന്നു ഈടാക്കുന്ന ടിക്കറ്റ് ചാര്‍ജില്‍ വര്‍ധനവ് നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നു പിന്മാറാനും അധികൃതര്‍ക്കു കഴിയില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
