
Perinthalmanna Radio
Date: 12-03-2025
പെരിന്തൽമണ്ണ: ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ഉൾപ്പെടെയുള്ള സർവീസുകൾ കടലാസിൽ. റെയിൽവേ ബോർഡിന്റെ തീരുമാനം വൈകുന്നതാണു കാരണം. റെയിൽവേ ബോർഡ് തീരുമാനമെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകൂ. റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ ട്രയൽ റൺ ഉൾപ്പെടെ നടത്തി മെമു സർവീസ് ആരംഭിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് റെയിൽവേ ഉന്നത അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ബോർഡിന്റെ തീരുമാനം വേണമെന്നാണ് റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിന്റെ നിലപാട്.
രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ അടിയന്തര തീരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനം വൈകുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ മാസം 16ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് രാത്രികാല മെമു സർവീസ് ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ദിവസങ്ങൾക്കകം എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് ഓടിത്തുടങ്ങുമെന്ന് അധികൃതർ സൂചനയും നൽകി. ഒരു വിധത്തിലുള്ള സാങ്കേതിക പ്രയാസങ്ങളുമില്ലാതെയാണ് ട്രയൽ റൺ പൂർത്തിയാക്കിയത്. പാതയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനിലും 12 കാർ മെമുവിന് ആവശ്യമായ പ്ലാറ്റ്‌ഫോം നീളംകൂട്ടലും നവീകരണവുമെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. രാത്രികാല മെമു സർവീസിനു പുറമേ പകൽ മെമുവും പ്രതീക്ഷിച്ചിരുന്നതാണ്.
റെയിൽവേ ബോർഡിന്റെ അനുമതി നേടിയെടുക്കുന്നതിന് വിവിധ തലങ്ങളിൽ നിന്ന് ശക്തമായ സമ്മർദം ഉണ്ടായാലേ പദ്ധതിക്ക് വേഗമുണ്ടാകൂ എന്നതാണ് സ്ഥിതി. അതല്ലെങ്കിൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയുടെ വികസന കാര്യത്തിൽ പാലക്കാട് ഡിവിഷൻ അധികൃതർക്ക് താൽപര്യമുണ്ടെങ്കിലും ഉന്നത തലങ്ങളിൽ നിസ്സംഗതയുണ്ട്.
രാത്രികാല മെമു സർവീസ് ആരംഭിച്ചാൽ ഏറെ യാത്രാ സാധ്യതകളാണ് യാത്രക്കാർക്കായി തുറന്നിടുക. എറണാകുളം– ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം നിലമ്പൂർ പാതയിലെ രാത്രിയാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി ഉന്നയിക്കപ്പെട്ട പ്രധാന നിർദേശമായിരുന്നു ഇത്. ഇതിന്റെ തുടർച്ചയായി യാത്രക്കാരുടെ വിവിധ സംഘടനകളും ജനകീയ കൂട്ടായ്മകളും പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയും ഉൾപ്പെടെ ആവശ്യമുന്നയിച്ച് രംഗത്തെത്തി
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
