
Perinthalmanna Radio
Date: 12-03-2026
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ വൈദ്യുതീകരണം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചതോടെ പാതയുടെ ഭാവിവികസനത്തിന് പ്രതീക്ഷയേറുന്നു. പാലക്കാട് റെയിൽവേ ഡിവിഷനിൽ ഏറ്റവും ഒടുവിലായി വൈദ്യുതീകരണം പൂർത്തിയാക്കിയ പാതയാണിത്. വൈദ്യുതീകരണം പൂർത്തിയായിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് ഇപ്പോഴാണ്.
100 കോടിയോളം രൂപ ചെലവിലാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. 2023 ജനുവരിയിലാണ് വൈദ്യുതീകരണം ആരംഭിച്ചത്. വൈദ്യുതിലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും സാങ്കേതിക നടപടി ക്രമങ്ങളും പ്രതിസന്ധികളും നിയമ നടപടികളുമെല്ലാം നിർമാണം വൈകിപ്പിച്ചു. 66 കിലോമീറ്റർ റെയിൽവേ പാതയും അവശേഷിച്ച 4 കിലോമീറ്റർ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളും ഉൾപ്പെടെ 70 കിലോമീറ്റർ ഭാഗത്താണ് വൈദ്യുതീകരണം നടത്തിയത്. ട്രാക്‌ഷൻ സബ് സ്‌റ്റേഷൻ പൂർത്തീകരണത്തിനു മുൻപ് ഷൊർണൂരിലെ സബ് സ്‌റ്റേഷനിൽനിന്ന് താൽക്കാലികമായി വൈദ്യുതിയെത്തിച്ച് 2024 മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ട്രെയിൻ സർവീസ് നടത്തിയിരുന്നു. 2025 ജനുവരിയിൽ പാതയിൽ വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങി. നിലവിൽ പാതയിൽ എല്ലാ ട്രെയിനുകളും ഡീസൽ എൻജിൻ ഒഴിവാക്കി ഇലക്‌ട്രിക് ലോക്കോയിലേക്ക് മാറിയിട്ടുണ്ട്. വൈദ്യുതീകരണത്തിനു ശേഷമാണ് ജില്ല ഏറെ സ്വപ്‌നം കണ്ടിരുന്ന രാത്രികാല മെമു സർവീസ് ആരംഭിച്ചത്. വൈദ്യുതീകരണം പൂർത്തിയായതോടെ നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ എത്തുന്നതിനുള്ള സമയം 1.10 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. 30 ശതമാനത്തോളം ചെലവും കുറയും. എൽ ആൻഡ് ടി കമ്പനിയാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. മേലാറ്റൂർ സബ് സ്‌റ്റേഷന്റെ നിർമാണം ത്രിമൂർത്തി കമ്പനിയാണ് പൂർത്തിയാക്കിയത്.
പാതയിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുർശിയിലുമാണ് സ്വിച്ചിങ് സ്‌റ്റേഷനുകൾ. ടവർ വാഗൺ ഷെഡും ഓവർ ഹെഡ് എക്യുപ്മെന്റ് ഡിപ്പോയും ഓഫിസ് ക്വാർട്ടേഴ്‌സും നിലമ്പൂരിലാണ്.
പാലക്കാട് ഡിവിഷനിലെ മറ്റു പാതകളിലില്ലാത്ത ആധുനിക അധിക സംവിധാനങ്ങളായ റിലേ സെറ്റിങ്‌സ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് പാതയിൽ ഒരുക്കിയിട്ടുള്ളത്. റെയിൽവേ പാതയിലെ വൈദ്യുതി ലൈനിന് കൂടുതൽ സുരക്ഷിതത്വം നൽകുന്ന (ഫീച്ചർ പ്രൊട്ടക്‌ഷൻ) അനുബന്ധ സംവിധാനങ്ങളാണിവ.
ഇതിന്റെ തുടർച്ചയായി ഇനിയും പാതയ്‌ക്ക് ഒട്ടേറെ വികസന സ്വപ്നങ്ങളുണ്ട്. പകൽ സമയത്ത് പാതയിൽ ഇരുവശത്തേക്കുമായി കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണം. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പാതയിൽ വിസ്‌റ്റാഡം കോച്ചുകൾ ഉൾപ്പെടുത്തണം. വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണം. ഷൊർണൂരിലെത്തുന്ന അധിക സമയമുള്ള ദീർഘദൂര എക്‌സ്പ്രസ് ട്രെയിനുകൾ നിലമ്പൂരിലേക്ക് നീട്ടുന്ന സാധ്യത പരിശോധിക്കണം. റെയിൽവേ സോണിലേക്ക് നേരിട്ട് യാത്രാ ട്രെയിനില്ലാത്ത ഏക പാതയാണിത്. ആ കുറവും പരിഹരിക്കാൻ വഴി കണ്ടെത്തണം. വന്ദേഭാരതിന്റെ സാധ്യതകളും ഈ പാത സ്വപ്‌നം കാണുന്നുണ്ട്. നിർദിഷ്‌ട നിലമ്പൂർ–നഞ്ചൻകോട് പാതയ്‌ക്ക് ആവശ്യമായ വൈദ്യുതിയും മേലാറ്റൂരിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിൽനിന്ന് നൽകാനാകുമെന്നതും പ്രതീക്ഷ നൽകുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
