
Perinthalmanna Radio
Date: 12-05-2024
പെരിന്തൽമണ്ണ : ജില്ലയിൽ ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്ന എൺപതിനായിരത്തോളം പേർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കാൻ നിലവിൽ മാസങ്ങൾ എടുക്കുമെന്നത് പ്രതിസന്ധിയേറ്റുന്നു.
ദിനം പ്രതിയുള്ള ഡ്രൈവിങ് ടെസ്റ്റുകൾ 40 ആയി നിജപ്പെടുത്തിയതോടെ പതിനായിരക്കണക്കിന് അപേക്ഷകരാണ് പ്രയാസത്തിലാവുന്നത്.
40 അപേക്ഷകൾ വീതം പരിഗണിച്ചാൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലായി 280 ടെസ്റ്റുകളേ ഒരു ദിവസം നടത്താനാവൂ. ഇതിൽ പരാജയപ്പെടുന്നവർക്ക് വീണ്ടും അവസരം നൽകണം. മുഴുവൻ പ്രവൃത്തി ദിവസങ്ങളും കണക്കിലെടുത്താൽ ഏഴായിരത്തോളം പേർക്കേ ഒരു മാസം ലൈസൻസ് നൽകാനാവൂ. നേരത്തെ ദിവസം നൂറ്റൻപതിലേറെപ്പേർക്ക് ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റിന് നേതൃത്വം നൽകുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാക്കുകയും ചെയ്താലെ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് വാഹന വകുപ്പ് വിലയിരുത്തുന്നത്.
ഡ്രൈവിങ് സ്കൂളുകളുടെ ബഹിഷ്കരണം മൂലം ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും ടെസ്റ്റുകൾ എന്ന് പൂർത്തിയാക്കാനാകുമെന്നതിൽ ഉദ്യോഗസ്ഥർക്കും ഉറപ്പു നൽകാനാവുന്നില്ല.
മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, പൊന്നാനി, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർ.ടി. ഓഫീസുകളിലായി ഏകദേശം എൺപതിനായിരത്തോളം പേരാണ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ ടെസ്റ്റ് നൽകുന്നതിനായി ദിവസേന അഞ്ഞൂറോളം പേർക്കാണ് സ്ലോട്ട് അനുവദിക്കുന്നത്. ഇങ്ങനെയുള്ളവർതന്നെ 45,000-ഓളം വരും.
തീയതി കിട്ടാത്തവരും കൂടിയാകുമ്പോൾ ആകെ എൺപതിനായിരത്തോളമുണ്ടെന്നാണ് ഏകദേശം കണക്കാക്കുന്നത്.
അതേസമയം ഡ്രൈവിങ് ടെസ്റ്റ് നടക്കാത്തതിനിടയിലും ലേണേഴ്സ് ടെസ്റ്റുകൾ നൽകുന്നത് വാഹന വകുപ്പ് തുടരുന്നുണ്ട്. ജില്ലയിലെ ഏഴ് സബ് ആർ.ടി. ഓഫീസുകൾക്ക് കീഴിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലായി ഏകദേശം അഞ്ഞൂറിലേറെ പേർക്ക് ലേണേഴ്സ് പരീക്ഷ നടത്തുന്നുണ്ട്.
ഇതിനാൽ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകർ വീണ്ടും കൂടിവരികയാണ്. ആറു മാസത്തേക്കാണ് ലേണേഴ്സിന്റെ കാലാവധി. ഇതിനുള്ളിൽ റോഡ്, ഗ്രൗണ്ട് ടെസ്റ്റുകൾ കൂടി എടുത്തില്ലെങ്കിൽ വീണ്ടും പരീക്ഷ വേണം. കാലാവധി തീരുന്നവർക്ക് വീണ്ടും പരീക്ഷ വേണ്ടിവരുന്നത് കൂടുതൽ പ്രയാസമുണ്ടാക്കും. ഇതരജില്ലകളെ അപേക്ഷിച്ച് കൂടുതൽപ്പേർ ഡ്രൈവിങ് ടെസ്റ്റിനും ലൈസൈൻസിനും ഉള്ളതിനാൽ ജില്ലയ്ക്കായി പ്രത്യേക പരിഗണന അത്യാവശ്യമായിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
