
Perinthalmanna Radio
Date: 12-05-2025
തൂത: കൂടിക്കാഴ്ചയും കുടമാറ്റവുമായി തൂതപ്പൂരം നാളെ ആഘോഷിക്കും. തൂതപ്പാലത്തോടു ചേർന്നുള്ള തൂത ഭഗവതി ക്ഷേത്രവും ചെർപ്പുളശ്ശേരി, നെല്ലായ, ആലിപ്പറമ്പ് പ്രദേശങ്ങളിലെ തട്ടകഗ്രാമങ്ങളും പൂരാഘോഷത്തിന് ഒരുങ്ങി.
പൂരത്തിന്റെ വരവറിയിച്ച് തൂത ക്ഷേത്രത്തിലെ കാളവേല ഇന്ന് ആഘോഷിക്കും. വൈകിട്ട് തട്ടകദേശങ്ങളിൽ നിന്നുള്ള ഇണക്കാളവേല എഴുന്നള്ളിപ്പുകൾ തൂതയിലേക്കു കൊട്ടിപ്പുറപ്പെടും. വാദ്യഘോഷങ്ങളും ചവിട്ടുകളിയുമുണ്ടാകും. രാത്രി 7 മുതൽ വേലവരവ്, ചുറ്റുവിളക്ക്, പ്രസാദഊട്ട് എന്നിവയുണ്ടാകും.
കാളക്കുന്നിൽ അണിനിരക്കുന്ന ഇണക്കാളക്കോലങ്ങളെ 10ന് വെളിച്ചപ്പാട് അരിയെറിഞ്ഞു സ്വീകരിക്കും. 10.30ന് കാളയിറക്കം തുടങ്ങും. കോങ്ങാട് മധു, കുനിശ്ശേരി ചന്ദ്രൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയേകും. 12 മുതൽ മേളവും തുടർന്നു കാളകളുടെ പ്രദക്ഷിണവും നടക്കും. നാളെ പുലർച്ചെ 4ന് പാനവേലയോടെയാണ് പൂരച്ചടങ്ങുകൾക്കു തുടക്കം.
4.30ന് തോണിക്കടവിൽ ആറാട്ടും മേളത്തോടെ തിരിച്ചെഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 8 മുതൽ തെക്കെ നടപ്പന്തലിൽ തിറ – പൂതൻ കളിയുമുണ്ടാകും. 10ന് ദാരികവധം പാട്ടും 11.30 മുതൽ പ്രസാദ ഊട്ടുമുണ്ടാകും. ഉച്ചയ്ക്ക് 2ന് കേളിയും തുടർന്ന് തായമ്പകയും അരങ്ങേറും. വൈകിട്ട് 5.30ന് ‘എ’ വിഭാഗം പടിഞ്ഞാറു ഭാഗത്തും ‘ബി’ വിഭാഗം കിഴക്കു ഭാഗത്തും അണിനിരക്കും. ഇവയ്ക്കു നടുവിലായി ദേവസ്വം എഴുന്നള്ളിപ്പ് വടക്കോട്ടഭിമുഖമായി നിലയുറപ്പിക്കും. കുടമാറ്റവുമുണ്ടാകും. 6.30ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 200 വാദ്യകലാകാരന്മാർ നയിക്കുന്ന നാഗത്തറമേളം അരങ്ങേറും.
14ന് ഭഗവതിയെ ആറാടി കുടിവയ്ക്കുന്നതോടെയാണു കൊടിയിറക്കം.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ