
Perinthalmanna Radio
Date: 12-08-2025
അങ്ങാടിപ്പുറം: മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി മുതൽ അങ്ങാടിപ്പുറം ജൂബിലി റോഡു വരെയുള്ള ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും സിവിൽ സ്റ്റേഷനിലെ മരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഉപരോധ സമരം, നാളെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന ഉറപ്പിൻമേലാണ് അവസാനിപ്പിച്ചത്.
ഒട്ടേറെ തവണ എംഎൽഎ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോയതെന്ന് എംഎൽഎ പറഞ്ഞു. അങ്ങാടിപ്പുറത്തെ മേൽപാലത്തിനു സമീപം കുഴി രൂപപ്പെട്ടതിനാൽ വലിയ ഗതാഗതകുരുക്കാണു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. നാളെ അറ്റകുറ്റപ്പണി ആരംഭിച്ചില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം, യുഡിഎഫ് മണ്ഡലം ചെയർമാൻ എം.മൊയ്തു, ലീഗ് മണ്ഡലം ട്രഷറർ ഹനീഫ പെരിഞ്ചീരി, ജില്ലാ പഞ്ചായത്തംഗം പി.ഷഹർബാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സഈദ, ഉമ്മു കുൽസു ചക്കച്ചൻ, അസ്കർ അലി, നസീറ മോൾ, എ.അബ്ദുൽ മാജിദ് വാഫി, നുഅ്മാൻ ഷിബിലി, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ ശശി മങ്കട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
