
Perinthalmanna Radio
Date: 12-11-2023
വെട്ടത്തൂർ: പ്രകൃതി ഒരുക്കിയ ദൃശ്യ ഭംഗിയുടെ നിറവിൽ സഞ്ചാരികൾ എത്തുന്ന വെട്ടത്തൂർ പൂങ്കാവനം അണക്കെട്ടിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് മന്ത്രിതല ഇടപെടൽ അനിവാര്യം. നിലവിൽ ചെറുകിട ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലാണ്. അണക്കെട്ട് കൊണ്ട് ഉപകാരമില്ലെങ്കിലും ശേഷിക്കുന്ന ഏക്കർ കണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന ആവശ്യമായി ജനകീയ കൂട്ടായ്മ രംഗത്തുണ്ട്.
ഒഴിവു ദിവസങ്ങളിൽ ഉൾപ്പെടെ ഒട്ടേറെപ്പേർ കാടുവെട്ടി തെളിയിച്ച്, ചെടികൾ നട്ടുപിടിപ്പിച്ച് പ്രദേശം ഭംഗിയാക്കിയിട്ടുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പാറക്കെട്ടുകളിൽ മനോ ഹരമായ ചിത്രങ്ങളും വരച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ലക്ഷം രൂപ ചെലവിൽ മിനി മാസ്റ്റ് ലൈറ്റ് പ്രദേശത്ത് സ്ഥാപിക്കുമെന്ന് പ്രസിഡന്റ് സി.എം.മുസ്തഫ അറിയിച്ചു. തകർന്ന ചവിട്ടുപടികൾ നന്നാക്കാനും തുക വകയിരുത്തി.
30ന് പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന നവകേരള സദസ്സിൽ പഞ്ചായത്തിന്റെ പ്രധാന ആവശ്യമായി പൂങ്കാവനം അണക്കെട്ട് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത് ഉന്നയിക്കാൻ വിവിധ തലങ്ങളിൽ നടന്ന യോഗങ്ങളിൽ തീരുമാനം ആയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
