മൂലമറ്റം പവർഹൗസ് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന്  കെഎസ്ഇബി

Share to


Perinthalmanna Radio
Date: 12-11-2025

അറ്റകുറ്റ പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. ബുധനാഴ്ച മുതൽ ഒരു മാസത്തേക്കാണ് നിലയം അടച്ചത്. ജലവിതരണത്തിനായി ബദൽ സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബിയും അറിയിച്ചു. ഒരു മാസം കൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിന്റെ സീലുകൾ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തുന്നത്.

ഡാമിൽനിന്ന് വെള്ളമെത്തുന്ന പവർഹൗസിലെ രണ്ടാം പെൻസ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാൽ നാലാം ജനറേറ്ററിന്റെ പ്രവർത്തനവും നിർത്തേണ്ടിവരും. എല്ലാ വർഷവും ജൂലായ്‌ മുതൽ ഡിസംബർവരെ ഓരോ ജനറേറ്റർ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. ഇത്തവണ സീലുകൾ തേഞ്ഞുപോയത് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്തുന്നത്.

വൈദ്യുതി ബോർഡ് തീരുമാനിച്ച ഷെഡ്യൂൾപ്രകാരം ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് എല്ലാ ജനറേറ്ററുകളും ഷട്‌ഡൗൺ ചെയ്യേണ്ടതായിരുന്നു. എന്നാൽ, അതിനിടെ ജലക്ഷാമം രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി റോഷി അഗസ്റ്റിനും എറണാകുളം ജില്ലയിലെ ഏതാനും എംഎൽഎമാരും രംഗത്തുവന്നതോടെ തീരുമാനം തത്കാലം മരവിപ്പിച്ചു.

തുടർന്ന് ജലവിഭവമന്ത്രിയും വൈദ്യുതി മന്ത്രിയും വകുപ്പ് ഉന്നതരുമടക്കം ചർച്ച നടത്തി. സങ്കീർണമാണ് സ്ഥിതിയെന്ന് വൈദ്യുതി ബോർഡും മന്ത്രിയും ചൂണ്ടിക്കാട്ടി. അതേസമയം, എറണാകുളം ജില്ലയിലെ മാത്രമല്ല മറ്റിടങ്ങളിലെ എംഎൽഎമാർ പോലും ജലക്ഷാമത്തിന്റെ ആശങ്കയറിയിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഷട്‌ഡൗൺ നീട്ടണമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.

ഉച്ചകഴിഞ്ഞ് മൂന്നുവരെ ചർച്ച നീണ്ടെങ്കിലും തീരുമാനമായില്ല. തുടർന്ന് തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു. മഴയുള്ളതിനാൽ ജലക്ഷാമമെന്ന ആശങ്ക വേണ്ടെന്നും ബോർഡ് അറിയിച്ചു. സ്പെറിക്കൽ വാൽവിലെ ചോർച്ച നിയന്ത്രണാതീതമാണെന്നും അടിയന്തരമായി ഷട്‌ഡൗൺ വേണ്ടിവന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *