
Perinthalmanna Radio
Date: 12-12-2023
പെരിന്തൽമണ്ണ: ബൈക്കിൽപ്പോയ യുവാവിനെ മറ്റ് രണ്ട് ബൈക്കുകളിലെത്തി ഇടിച്ചുവീഴ്ത്തി 15 ലക്ഷം രൂപ കവർന്ന കേസിൽ സൂത്രധാരനടക്കം രണ്ടുപേർ അറസ്റ്റിൽ. ഏലംകുളം കുന്നക്കാവ് കല്ലുവെട്ടുകുഴിയിൽ മുഹമ്മദ് സുഹൈൽ (24), മഞ്ചേരി ആനക്കയം അറയ്ക്കൽ അബ്ദുൾ കബീർ (30) എന്നിവരെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ എ. പ്രേംജിത്ത്, എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചൻ, സെബാസ്റ്റ്യൻ രാജേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിന് പുത്തനങ്ങാടിയിൽ എം.ഇ.എസ്. മെഡിക്കൽകോളേജിന് സമീപമായിരുന്നു സംഭവം. മണലായ സ്വദേശിയായ യുവാവാണ് പണം കവർന്നതായി പോലീസിൽ പരാതി നൽകിയത്. ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലുപേർ ബൈക്ക് വിലങ്ങിട്ട് തട്ടിവീഴ്ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് യുവാവിന്റെ ബാഗിലുണ്ടായിരുന്ന പണം കവർന്നെന്നായിരുന്നു പരാതി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
പരാതിക്കാരനിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.ആനമങ്ങാട് മുതൽ ബൈക്കിൽ വരുകയായിരുന്ന യുവാവിനെ രണ്ട് ബൈക്കുകളിലും കാറിലുമായി പിന്തുടർന്നു വന്ന് ബൈക്കുകളിലെത്തിയ സംഘത്തിന് യുവാവു പോകുന്ന വഴിയെക്കുറിച്ച് വിവരം നൽകിയത് അറസ്റ്റിലായ പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുഹമ്മദ് സുഹൈൽ കഴിഞ്ഞ മാർച്ചിൽ കരിപ്പൂർ വിമാനത്താവളത്തിനു സമീപം സ്വർണം കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടെ പിടിയിലായി റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതാണ്.
കബീറിന്റെ പേരിൽ പെരിന്തൽമണ്ണയിൽ മോഷണക്കേസും കോട്ടയ്ക്കൽ സ്റ്റേഷനിൽ ലഹരിക്കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റു പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും അന്വേഷണം നടത്തുകയാണെന്നും ഡിവൈ.എസ്.പി. അറിയിച്ചു. എസ്.ഐ. പ്രദീപൻ, സീനിയർ സി.പി.ഒ. ഗിരീഷ് ഒ.പി, സി.പി.ഒ.മാരായ സജീർ, മിഥുൻ, സൽമാൻ എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
