തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ രണ്ടിടങ്ങളിൽ സംഘർഷം

Share to


Perinthalmanna Radio
Date: 12-12-2025

പെരിന്തൽമണ്ണ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ രണ്ടിടങ്ങളിൽ സംഘർഷം. നഗരസഭയിലെ 25–ാം വാർഡായ കുന്നപ്പള്ളി വളയംമൂച്ചിയിലെ മദ്രസ പോളിങ് സ്‌റ്റേഷനു സമീപം എൽഡിഎഫ് തിരഞ്ഞെടുപ്പു ചിഹ്നം വരച്ചതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായി. ഇതു നീക്കം ചെയ്യണമെന്ന് വോട്ടെടുപ്പിന്റെ തലേന്നു തന്നെ തിരഞ്ഞെടുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. ഇന്നലെ രാവിലെ പത്തോടെ യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് റോഡിൽ വരച്ച ചിഹ്നം നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഈ ആവശ്യവുമായി അധികൃതർക്ക് മുന്നിൽ പ്രതിഷേധം ഉയർത്തി. പാർട്ടി ചിഹ്നം മായ്‌ക്കാതെ സമീപത്തെ ബൂത്തിൽ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് നിലപാടെടുത്തതോടെ അധികൃതർ റോഡിൽ വരച്ച വലിയ ചിഹ്നം മായ്‌ക്കുകയായിരുന്നു. സമീപ സ്ഥലങ്ങളിൽ സ്ഥാപിച്ച എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്‌തു. ചുമരെഴുത്തുകൾ കരിഓയിൽ ഉപയോഗിച്ച് മായ്‌ച്ചു.

നിയോജക മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തുന്നതിനിടെ നഗരസഭയുടെ 2, 3, 8 വാർഡുകളുടെ ബൂത്തുകൾ പ്രവർത്തിക്കുന്ന മാനത്തുമംഗലം എഎംഎൽപി സ്‌കൂളിനു പുറത്ത് നജീബ് കാന്തപുരം എംഎൽഎയെ തടയാൻ ശ്രമിച്ചതു സംഘർഷത്തിന് ഇടയാക്കി. ചില സിപിഎം പ്രവർത്തകരാണ് എംഎൽഎയെ ബൂത്തിലേക്ക് കയറാൻ അനുവദിക്കില്ലെന്ന നിലപാടുമായി തടഞ്ഞതെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് സിപിഎം–യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി. അപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇരു വിഭാഗത്തെയും അനൂനയിപ്പിച്ച് സ്ഥലത്തു നിന്ന് മാറ്റി.

ചിലയിടങ്ങളിൽ വോട്ടിങ് മെഷീന്റെ തകരാറുകൾ പ്രതിസന്ധി സൃഷ്‌ടിച്ചു. മൂർക്കനാട് പഞ്ചായത്തിലെ കാരാട്ടുപറമ്പ് മദ്രസയിൽ 5–ാം വാർഡിലുൾപ്പെട്ട ഒന്നാം നമ്പർ ബൂത്ത്, കുറുവ പഞ്ചായത്ത് പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ ബൂത്ത്, ആലിപ്പറമ്പ് പഞ്ചായത്തില പത്താം വാർഡ് കോരങ്കോട് ആലിപ്പറമ്പ് എഎൽപി സ്‌കൂൾ ബൂത്ത്, അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂർ എഎൽപി സ്‌കൂൾ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രത്തിന്റെ തകരാറ് അൽപസമയം പ്രതിസന്ധി സൃഷ്‌ടിച്ചത്. ബ്ലോക്കിലെ മിക്ക ബൂത്തുകളിലും രാവിലെ വളരെ കുറഞ്ഞ നിലയിലാണ് പോളിങ് ആരംഭിച്ചത്. ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചതിനാൽ മിക്ക ബൂത്തുകളിലും ഏറെസമയം വരി നിൽക്കാതെ വോട്ട് ചെയ്‌ത് മടങ്ങാനായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *