ബന്ദിപുർ ദേശീയപാതക്ക് പകരം കുട്ട-മലപ്പുറം സാമ്പത്തിക ഇടനാഴി

Share to

Perinthalmanna Radio
Date: 13-01-2024

ന്യൂഡൽഹി: ബന്ദിപുർ വനമേഖലയിൽ ദേശീയപാത 766-ലെ യാത്രാ നിരോധനവുമായിബന്ധപ്പെട്ട കേസ് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ നിർണ്ണായക സ്വാധീനം ചെലുത്തിയേക്കാവുന്ന കേസ് കോടതിയുടെ പരിഗണനയ്ക്ക് വീണ്ടുമെത്തുന്നത്.

ബന്ദിപുരിലെ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് ബദലായി പുതിയ പാത തുറക്കുന്നതിനെ സംബന്ധിച്ച നിലപാട് അറിയിക്കാൻ 2019-ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതുവരെയും സുപ്രീം കോടതിക്ക് കൈമാറിയിട്ടില്ല. കേരളവും മറുപടി അറിയിക്കാൻ സമയം തേടിയിരുന്നുവെങ്കിലും സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല. ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് 2020 ജനുവരി 20-നാണ് കേസ് അവസാനമായി പരിഗണിച്ചത്. രണ്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ബന്ദിപുർ പാത അടയ്ക്കുന്നതിന് പകരമായി കുട്ട- മലപ്പുറം സാമ്പത്തിക ഇടനാഴി

ബന്ദിപുരിലെ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയ്ക്ക് ബദലായി കുട്ട – മലപ്പുറം സാമ്പത്തിക ഇടനാഴിയെന്ന നിർദേശം മുന്നോട്ടുവെക്കാൻ കേന്ദ്രം തീരുമാനിച്ചതായാണ് സൂചന. 109 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സാമ്പത്തിക ഇടനാഴിക്കായി 7123 കോടി രൂപ നീക്കിവെച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചേക്കും. 2025-ൽ ഈ പാത നിലവിൽ വരുന്നതോടെ ബന്ദിപുർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ലെ സ്ട്രെച്ച് പൂർണ്ണമായും അടയ്ക്കാമെന്ന നിർദേശം കേന്ദ്രം സുപ്രീം കോടതിക്കുമുന്നിൽ വെക്കാനാണ് സാധ്യത.

കർണാടക സർക്കാരും ഈ നിർദേശത്തോട് യോജിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഈ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചാൽ അത് വയനാട് ലോക്സഭാ മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചേക്കാം. രാഹുൽ ഗാന്ധിയെവരെ പ്രതിസന്ധിയിൽ ആക്കാവുന്ന തീരുമാനത്തോട് കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ സുപ്രീം കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്ന ആകാംക്ഷ നിലനിൽക്കുകയാണ്.

ചൊവ്വാഴ്ചയാണ് ഹർജികൾ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെയും ഒരു കക്ഷിയും സുപ്രീം കോടതിക്ക് കത്ത് നൽകിയിട്ടില്ല. എന്നാൽ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കേസ് സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നതിൽ കേരള, കർണാടക സർക്കാരുകൾക്ക് താല്പര്യം കുറവാണ്. സുപ്രീം കോടതി എടുക്കുന്ന തീരുമാനം കർണാടകത്തിലെ ചില മണ്ഡലങ്ങളിൽ ബിജെപിയുടെ സാധ്യതകളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. അതിനാൽ കേസ് മാറ്റിവയ്ക്കാൻ ഏതെങ്കിലും കക്ഷി സുപ്രീം കോടതിയോട് ആവശ്യപ്പെടാനാണ് സാധ്യത കൂടുതൽ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *