
Perinthalmanna Radio
Date: 13-02-2026
പെരിന്തൽമണ്ണ : വിശുദ്ധ റമദാൻ മാസം ഒരാഴ്ച മാത്രം അകലെ എത്തി നിൽക്കെ, പുണ്യങ്ങളുടെ പൂക്കാലത്തെ വരവേൽക്കാൻ മസ്‌ജിദുകളും മുസ്‌ലിം ഭവനങ്ങളും ഒരുങ്ങി. പള്ളികൾ ചായം പൂശിയും കഴുകി വൃത്തിയാക്കിയും കാർപെറ്റും മുസല്ലകളും മാറ്റിയും തറാവീഹ് നമസ്കാരത്തിന് പ്രത്യേക ഇമാമുമാരെ നിശ്ചയിച്ചും സജ്ജമാക്കി കഴിഞ്ഞു. റമദാൻ മുന്നൊരുക്ക പ്രഭാഷണങ്ങളും നടന്നു വരുന്നു.
ഇന്നലത്തെ പണിമുടക്ക് ദിനം പ്രയോജനപ്പെടുത്തി പെരിന്തൽമണ്ണ തേക്കിൻകോട് ജുമാ മസ്ജിദിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മഹല്ല് നിവാസികളും പ്രവർത്തകരും ചേർന്ന് പള്ളിയും പരിസരവും വൃത്തിയാക്കിയത്. മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ പ്രായഭേദമന്യേ എല്ലാവരും ആവേശത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്നത് ഈ ഒരുക്കത്തിന് മാറ്റുകൂട്ടി.
‘നനച്ചുകുളി’ എന്ന പേരിൽ ദിവസങ്ങൾക്കു മുമ്പു തന്നെ വീടുകളും പരിസരവും വൃത്തിയാക്കി. റമദാനിലെ വിഭവങ്ങൾ ഒരുക്കുന്നതിനുള്ള ഇടിക്കലും പൊടിക്കലും പൂർത്തിയാക്കി കാത്തിരിപ്പാണ്. മത-സാംസ്കാരിക സംഘടനകൾ റിലീഫ് പ്രവർത്തനങ്ങളും ഇഫ്ത്‌താർ വിരുന്നുകളും റമദാൻ പ്രഭാഷണങ്ങളും ഒരുക്കാനുള്ള തിരക്കിലാണ്.
റമദാന് മുമ്പായി പരീക്ഷകൾ പൂർത്തിയാക്കി മദ്റസകൾക്ക് റമദാനിൽ ഒഴിവാണെങ്കിലും ഖുർആൻ സ്പെഷൽ ക്ലാസുകൾ ഉണ്ടാകും. വിദ്യാലയങ്ങളിലെ പൊതു പരീക്ഷകൾ അധികവും ഇത്തവണ റമദാനിൽ വരുന്നത് മുസ്‌ലിം വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കും. റമദാൻ വ്യാപാരം പ്രതീക്ഷിച്ച് കടക മ്പോളങ്ങളിലെല്ലാം വൈവിധ്യമാർന്ന പഴവർഗങ്ങൾ വന്നു തുടങ്ങി. വസ്ത്ര വിപണികൾ ഉണരുന്നതും റമദാനിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
