എൽ.പി.ജി ബുക്കിങ് ഇടവേള 45 ദിവസമായി വർധിപ്പിച്ചു

Share to


Perinthalmanna Radio
Date: 13-03-2026

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചക വാതക ലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണ മേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചത് പാചക വാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത സാഹചര്യമാണിതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെവിടെയും എൽ.പി.ജി. ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെത്തുടർന്നാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

എൽ.പി.ജി. ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരുമായി ആലോചിച്ച് എണ്ണവിതരണക്കമ്പനികൾ കൂടുതൽ വാണിജ്യസിലിൻഡറുകൾ നൽകും. ഇവയുടെ വിതരണത്തിനുള്ള മുൻഗണന സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. വാണിജ്യ എൽ.പി.ജി. സിലിൻഡറുകളുടെ 20 ശതമാനവും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇനി വ്യാവസായിക, വാണിജ്യ ഉപയോക്താക്കൾക്കാണ് നൽകുക. ഇന്ത്യയിലെ എൽ.പി.ജി. ഉത്പാദനം കഴിഞ്ഞദിവസം 25 ശതമാനം വർധിപ്പിച്ചിരുന്നു. ഇത് വ്യാഴാഴ്ച 28 ശതമാനമാക്കി ഉയർത്തി.

പാചക ആവശ്യങ്ങൾക്ക് എൽ.പി.ജി.ക്ക് പകരമുള്ള ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. നേരത്തേ ഒരു ലക്ഷം കിലോലിറ്റർ മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന സ്ഥാനത്ത് ഇനി അധികമായി 48,000 കിലോലിറ്റർകൂടി നൽകുമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാതാ ശർമ അറിയിച്ചു. കൂടാതെ കൽക്കരി, മണ്ണെണ്ണ, ജൈവ ഇന്ധനങ്ങൾ എന്നിവ ഹോട്ടൽ, വാണിജ്യ മേഖലകളിൽ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകി. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ ഒരുമാസത്തേക്കാണ് ഈ ഇളവ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *