
Perinthalmanna Radio
Date: 13-04-2025
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിനു ഇന്ന് 37 വയസ്സ് തികയുന്നു. 1988 ഏപ്രിൽ 13നു വിഷു ദിനത്തിലായിരുന്നു കരിപ്പൂരിൽ വിമാന താവളത്തിന്റെ ഉദ്ഘാടനം. ആഭ്യന്തര സർവീസുമായി തുടങ്ങിയ വിമാനത്താവളത്തിന് 2006 ഫെബ്രുവരി 2ന് രാജ്യാന്തര പദവി ലഭിച്ചു. അതിനു മുൻപുതന്നെ 2002 ജനുവരിയിൽ കരിപ്പൂരിൽനിന്ന് ഹജ് സർവീസ് ആരംഭിച്ചിരുന്നു. 410 പേർക്കു സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് എയർ ഇന്ത്യ ഹജ് സർവീസിന് എത്തിച്ചത്. 2014 വരെ ഹജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് മാത്രമായിരുന്നു. റൺവേ റീ കാർപറ്റിങ് ജോലി നടക്കുന്നതിനാൽ 2015 മുതൽ 2018 വരെ ഹജ് യാത്ര കൊച്ചിയിലേക്കു മാറ്റി. 2019ൽ കൊച്ചിക്കൊപ്പം കരിപ്പൂരിനെക്കൂടി ഹജ് പുറപ്പെടൽ കേന്ദ്രമാക്കി. 2020, 21 വർഷങ്ങളിൽ കോവിഡ് മൂലം ഹജ് യാത്ര ഉണ്ടായില്ല. 2022ൽ വീണ്ടും ഹജ് പുറപ്പെടൽ കേന്ദ്രം കൊച്ചി മാത്രമാക്കി. 2023 മുതൽ സംസ്ഥാനത്തുനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ 3 ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായി. വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് കരിപ്പൂരിൽ റൺവേ സുരക്ഷാ മേഖല ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. വലിയ വിമാനങ്ങൾ തിരിച്ചെത്തുകയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രധാന ആവശ്യം. ഒപ്പം ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂട്ടലും മറ്റു സൗകര്യങ്ങൾ വർധിപ്പിക്കലും.
11 വിമാനക്കമ്പനികൾ; ഒരാഴ്ച 279 സർവീസുകൾ
പുതിയ വേനൽക്കാല സമയപ്പട്ടിക അനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ 279 സർവീസുകൾ. പുറപ്പെടുന്ന സർവീസുകളുടെ എണ്ണമാണിത്. 101 സർവീസുള്ള എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും (99 സർവീസുകൾ) ആണ് മുന്നിൽ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
